ഇന്നു കൊട്ടിക്കലാശം ;നാളെ നിശബ്ദ പ്രചരണം, പോളിംഗ് മറ്റന്നാൾ
1418512
Wednesday, April 24, 2024 6:26 AM IST
ഒറ്റപ്പാലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന്. നാളെ നിശബ്ദ പ്രചാരണം. അവസാന വോട്ടും സ്വന്തം പെട്ടിയിലാക്കാൻ മുന്നണികൾ ഓട്ടത്തിലാണ്.
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രചാരണ പരിപാടികളെല്ലാം ഔപചാരികമായി ഇന്നു സമാപിക്കും. കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് മൂന്നു മുന്നണികളും. പരമാവധി വോട്ടർമാരെ നേരിൽ കാണുകയെന്ന ലക്ഷ്യമാണ് മൂന്നു മുന്നണിസ്ഥാനാർഥികളും പയറ്റുന്നത്.
അവസാന റൗണ്ടിൽ ഒരിക്കൽകൂടി വോട്ടർമാരെ നേരിൽ കാണാനായിരുന്നു ഇന്നലത്തെ സ്ഥാനാർഥികളുടെ ഓട്ടപ്പാച്ചിൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താൻ ജനം പോളിംഗ് ബൂത്തിലെത്തുന്നതിനു മുന്പുതന്നെ ജയപരാജയങ്ങളുടെ വാതുവയ്പുകളും സജീവമാണ്.
നാളെ നിശബ്ദ പ്രചാരണം മാത്രമാണ് നടക്കുക.വെള്ളിയാഴ്ചയാണ് പോളിംഗ്. ഇതുവരെ ഓടിയെത്തിയിടത്തും ഇനി എത്താൻ ബാക്കിയുള്ളിടത്തും കൂടി നാളെയും മറ്റന്നാളുമായി ഒന്നുകൂടി പാഞ്ഞെത്തി വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണു സ്ഥാനാർഥികളും മുന്നണികളും.
എത്രകണ്ട് അഭ്യർഥന നടത്തുന്നുവോ അത്രകണ്ടു ഗുണകരമാകുമെന്നാണു കണക്കുകൂട്ടൽ. പാലക്കാട്ടെ കൊടുംചൂടിനു മുകളിലാണ് തെരഞ്ഞടുപ്പ് ചൂട്. പാലക്കാടൻചൂട് പേരുകേട്ടതാണെങ്കിലും ഇത്രത്തോളം നീണ്ട് ജനത്തെ എരിപൊരിയിലാക്കുന്നതു സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. മൂന്നാഴ്ചയിലേറെയായി രാവും പകലും സഹിക്കാനാകാത്ത ചൂടാണ്.
ആ ചൂടിനെയെല്ലാം ഓടിത്തോൽപ്പിച്ചാണു സ്ഥാനാർഥികളും മുന്നണികളും പ്രവർത്തകരും വോട്ടഭ്യർഥിക്കുന്നത്. ആ പ്രവർത്തനത്തെ വോട്ടർമാരും വിലമതിക്കുന്നു. വോട്ട് ചോദിച്ചുവരുന്നവരെ നിറഞ്ഞ ചിരിയോടെയാണു സ്വീകരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സുഭാഷിണി അലി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ.അണ്ണാമലൈ ഉൾപ്പെടെ പ്രധാന നേതാക്കളെല്ലാം ജില്ലയിലെത്തി മുന്നണി സ്ഥാനാർഥികൾക്കായി വോട്ടുതേടി. ഏതുവിധേനയും വോട്ടുകൾ സ്വന്തം പെട്ടിയിൽ ആക്കാനുള്ള ശ്രമത്തിലാണ് മൂന്നു മുന്നണികളും.