നഷ്ടകാലത്തു തള്ളിപ്പറഞ്ഞില്ല; രാജുവിന് ലാഭക്കൊയ്ത്തുകാലം
1418506
Wednesday, April 24, 2024 6:26 AM IST
വടക്കഞ്ചേരി: പുതിയ റിക്കോർഡുകളുമായി കൊക്കോ വില കുതിച്ചുയരുമ്പോൾ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻ ജില്ലാ നേതാവ് എളവമ്പാടം പുത്തൻപുരയിൽ പി. കെ. രാജു അമ്മ സാറാമ്മയുടെ വാക്കുകളാണ് ഓർക്കുന്നത്.
നട്ടുവളർത്തിയതൊന്നും നശിപ്പിക്കരുത്. അത് എപ്പോഴെങ്കിലും ഫലം തരും. 15 വർഷം മുമ്പ് അമ്മ പറഞ്ഞ ഈ വാക്കുകൾ (അമ്മ ഇന്ന് ജീവിച്ചിരിപ്പില്ല) അക്ഷരംപ്രതി ശരിയായതിന്റെ സന്തോഷത്തിലാണ് രാജുവിനെ പ്പോലെയുള്ള കൊക്കോ കർഷകർ.
കൊക്കോ വില നന്നേകുറഞ്ഞപ്പോൾ പലരും കൊക്കോ വെട്ടി മാറ്റി മറ്റു വിളകളിലേക്ക് ചുവടു മാറിയിരുന്നു. എന്നാൽ കൃഷിയിൽ അക്കാദമിക് യോഗ്യതയില്ലെങ്കിലും കൃഷിയിലെ പരമ്പരാഗത അറിവുകളുടെ അനുഭവത്തിൽ അമ്മ ഉപദേശിച്ചപ്പോൾ രാജു അത് അതേപടി അനുസരിക്കുകയായിരുന്നു. നഷ്ടത്തി ലും കൊക്കോ കൃഷി തുടർന്നു. ഇന്ന് അതിന്റെ വലിയ ലാഭം കൊയ്യുകയാണ് രാജു. കൊക്കോ വില ആയിരം കടന്നും കുതിക്കുകയാണ്.
ആഫ്രിക്കൻ രാജ്യങ്ങളിലെ ഉത്പാദനക്കുറവാണ് കൊക്കോയുടെ ക്ഷാമത്തിനും ഭീമമായ വിലവർധനവിനും കാരണമായതെന്ന് വടക്കഞ്ചേരി ടൗണിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയായ ഷൈബു കുര്യാക്കോസ് പറഞ്ഞു.
പത്തുവർഷംമുമ്പ് 150 - 170 എന്ന തോതിലായിരുന്നു കൊക്കോയുടെ വില. ആറേഴ് വർഷമായി അത് 300 രൂപയ്ക്ക് അടുത്തെത്തി. അഞ്ചാറുമാസമായി വില ഉയരുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിരുന്നു.
ഇപ്പോൾ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് വില ആയിരം കടന്നും പായുകയാണ്. രാജ്യത്ത് ആന്ധ്രാപ്രദേശിലാണ് കൂടുതൽ കൊക്കോ കൃഷിയുള്ളത്.
എന്നാൽ ഗുണമേന്മയിൽ കേരളത്തിലെ കൊക്കോയ്ക്ക് വൻ ഡിമാൻഡുണ്ടെന്ന് രാജു പറഞ്ഞു. കാഡ്ബറീസ് കമ്പനിക്കാർ തോട്ടത്തിലെത്തി കൊക്കോ വാങ്ങും. ഇതിനാൽ വില്പന പ്രശ്നമല്ല. എന്നാൽ കൊക്കോയുടെ വിപണി വില എത്രയെന്ന് അറിയാൻ സംവിധാനമില്ലാത്തത് ക ർഷകർ കബളിപ്പിക്കപ്പെടാൻ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്.
വ്യാപാരികൾ പറയുന്ന വിലയാണ് കർഷകർക്ക് ലഭിക്കുന്നത്. ഉത്പന്നത്തിന്റെ യഥാർഥ വില അറിയാൻ വഴികളില്ല. എട്ട് ഏക്കർ വിസ്തൃതിയുള്ള രാജുവിന്റെ തോട്ടത്തിൽ പലപ്രായക്കാരായ 1400 മരങ്ങളുണ്ട്.
എല്ലാം കാർഷിക സർവകലാശാലയിൽ നിന്നുള്ള ഹൈബ്രീഡ് ഇനത്തിൽപ്പെട്ടത്. തെങ്ങിന് ഇടവിളയായിട്ടാണ് കൊക്കോ കൃഷി. നല്ല പരിചരണം, ആഴ്ചയിൽ രണ്ടു തവണ നന, ജൈവ - രാസവള പ്രയോഗം, വർഷത്തിലൊരിക്കൽ കൊമ്പുകൾ വെട്ടി ഒതുക്കൽ തുടങ്ങി പതി വു തെറ്റിക്കാത്ത കൃഷിരീതികളാണ് കടുത്ത വേനലിലും തോട്ടം പച്ചപ്പിൽ നിൽക്കുന്നതിന് കാരണമാകുന്നത്. മറ്റൊരു വിളകൾക്കും അവകാശപ്പെടാൻ കഴിയാത്ത വിലയായപ്പോൾ ഇപ്പോൾ കൊക്കോയുടെ പരിചരണവും ശ്രദ്ധയും കൂടിയെന്ന് രാജു പറഞ്ഞു.
ഭാര്യ റെജിയാണ് കൃഷി കാര്യങ്ങളിലെ രാജുവിന്റെ പ്രധാന സഹായി. മത്സ്യം വളർത്തുന്ന കുളത്തിൽ നിന്നാണ് ജലസേചനം. ഇത് വിളകൾക്ക് കരുത്തുകൂട്ടുന്നതായി കാർഷിക സർവകലാശാലയിൽ നിന്നും കൃഷിശാസ്ത്രത്തിൽ ഡിപ്ലോമ നേടിയിട്ടുള്ള രാജു പറയുന്നു.
അണ്ണാൻ ശല്യം കുറവാണെങ്കിലും എലി ശല്യമാണ് കൃഷിക്ക് മുഖ്യ വെല്ലുവിളിയാകുന്നത്. എങ്കിലും ഇപ്പോഴത്തെ ഉയർന്ന വിലയിൽ കൊക്കോ കൃഷി വലിയ ലാഭകരമാണെന്ന് രാജു പറഞ്ഞു. മികച്ച കൊക്കോ കർഷകൻ എന്ന നിലയിൽ കാർഷിക സർവകലാശാലയിലെ വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രം രാജുവിനെ അനുമോദിച്ചിരുന്നു.
രാജുവിന്റെ ഹരിതാഭമായ കൃഷിത്തോട്ടം കാണാൻ പലയിടത്തുനിന്നുള്ള കർഷകരും ഇവിടെ എത്തുന്നുണ്ട്. വരുന്നവർ കൃഷി തല്പരരാണെങ്കിൽ വിത്തും കൃഷി വിജ്ഞാനവും രാജു സൗജന്യമായി നൽകും. മറ്റു വിളകളുടെയും പഴവർഗങ്ങളുടെയും പൂക്കളുടെയും വിസ്മയ കാഴ്ച്ചകളുമുണ്ട് രാജുവിന്റെ കൃഷിയിടത്തിൽ.
ഫ്രാൻസിസ് തയ്യൂർ