പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ തുറന്നില്ല
1418507
Wednesday, April 24, 2024 6:26 AM IST
ഷൊർണൂർ: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഇനിയും തുറന്നില്ല. പണി പൂർത്തിയായിട്ടും ഡയാലിസിസ് സെന്ററിലേക്ക് യന്ത്രങ്ങൾ എത്താത്തതിനാലാണിത്.
കഴിഞ്ഞ നവംബറിൽ താലൂക്ക് ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി ഡിസംബറിൽ ഡയാലിസിസ് സെന്റർ തുറക്കുമെന്നാണ് അറിയിച്ചിരുന്നെങ്കിലും നാലുമാസം പിന്നിട്ടിട്ടും തുറക്കാനായില്ല, കെട്ടിടം പണി പൂർത്തിയായി മാസങ്ങൾ പിന്നിട്ടതിനുശേഷമായിരുന്നു മന്ത്രിയുടെ വരവ്.
യന്ത്രങ്ങൾ എത്തിക്കാത്തതാണ് ഡയാലിസിസ് സെന്റർ തുടങ്ങാൻ കഴിയാത്തിനു കാരണമെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎയും ആശുപത്രി അധികൃതരും നഗരസഭാ അധികൃതരുമെല്ലാം അറിയിച്ചതോടെയായിരുന്നു മന്ത്രിയുടെ ഇടപെടൽ.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മന്ത്രി അവിടെ വച്ചുതന്നെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും നടപടി വേഗത്തിലാക്കണമെന്നു നിർദേശിക്കുകയും ചെയ്തു.
മൂന്നാഴ്ചയ്ക്കകം യന്ത്രങ്ങൾ എത്തിക്കാമെന്ന് ഉറപ്പുലഭിച്ചതായി അറിയിച്ച മന്ത്രി ഡിസംബർ പകുതിയോടെ ഡയാലിസിസ് സെന്റർ പ്രവർത്തന സജ്ജമാകുമെന്നറിയിച്ചാണ് ആശുപത്രി വിട്ടത്. ഡയാലിസിസ് രോഗികൾ ഏറെയുള്ള പ്രദേശമാണ് പട്ടാമ്പി നഗരസഭയും പരിസര പഞ്ചായത്തുകളും. സർക്കാർ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ തുടങ്ങുന്നതും കാത്തിരിപ്പാണ് രോഗികൾ.
നിലവിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ഡയാലിസിസ് രോഗികൾ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ ആശുപത്രി ഡയാലിസിസ് സെന്ററിനെ കാത്തിരിക്കുന്നത്.