പക്ഷിപ്പനി പ്രതിരോധം ഊർജിതം
1418680
Thursday, April 25, 2024 1:34 AM IST
കോയമ്പത്തൂർ: പക്ഷിപ്പനി ബാധിച്ച് ആലപ്പുഴയിൽ താറാവുകളും കോഴികളും ചത്തതിനെ തുടർന്ന് ഉദുമലയ്ക്ക് സമീപം തമിഴ്നാട്-കേരള അതിർത്തിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി. അണുബാധ പടരുന്നത് തടയുന്നതിനായി കേരളത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കുന്നുണ്ട്.
ഒരു വെറ്ററിനറി അസിസ്റ്റന്റ്, ഒരു ഗവേഷകൻ, രണ്ട് കന്നുകാലി മെയിന്റനൻസ് അസിസ്റ്റന്റുമാർ എന്നിവരടങ്ങുന്ന മൂന്ന് ടീമുകളാണ് ദൗത്യം നിർവഹിക്കുന്നത്. കൂടാതെ കോഴി ഫാമുകളിൽ പരിശോധന നടത്തുന്നു. അസാധാരണമായ ഏതെങ്കിലും സാഹചര്യമുണ്ടെങ്കിൽ ഉടൻ അറിയിക്കാൻ ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പക്ഷിപ്പനി പൂർണമായി നിയന്ത്രിക്കുന്നത് വരെ ഈ നിരീക്ഷണം തുടരും.
തിരുപ്പൂർ റീജണൽ ലൈവ് സ്റ്റോക്ക് മെയിന്റനൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ പുകഴേന്തി, ഉദുമലൈ അസിസ്റ്റന്റ് ഡയറക്ടർ ജയറാം, വെറ്ററിനറി ഡോക്ടർമാരായ രാജ സൊക്കപ്പൻ, അബ്ദുൾ കലാം, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ അണുനശീകരണ പ്രവർത്തനത്തിനും മറ്റ് പ്രതിരോധ നടപടികൾക്കും മേൽനോട്ടം വഹിച്ചു.