മലയോരപാതകളിലെ തെരുവുവിളക്കുകളും മിഴിയടച്ചുതന്നെ!
1418205
Tuesday, April 23, 2024 12:46 AM IST
വടക്കഞ്ചേരി: പന്തലാംപാടം- പോത്തുചാടി- പനംകുറ്റി- വാൽകുളമ്പ് മലയോര പാതയിലെ സോളാർ വിളക്കുകൾ കണ്ണടച്ചതു രാത്രികാലങ്ങളിൽ റോഡിൽ ആനകളിറങ്ങാൻ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. പനംകുറ്റി മുതൽ താമരപ്പിള്ളി, പോത്തുചാടി ഫോറസ്റ്റ് ഓഫീസ് വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്താണ് സോളാർ വിളക്കുകൾ സ്ഥാപിച്ചിരുന്നത്.
തുടക്കത്തിൽ വിളക്കുകൾ പ്രവർത്തിച്ചെങ്കിലും ഇപ്പോൾ ഭൂരിഭാഗം വിളക്കുകളും കണ്ണടച്ചു. ഇതിനാൽ പീച്ചി കാട്ടിൽനിന്നുള്ള ആനകൾ റോഡിൽ എത്തുന്ന സ്ഥിതിയായി. കയറ്റങ്ങളും ഇറക്കവും വളവും ആൾത്താമസവുമില്ലാത്ത ഒറ്റപ്പെട്ട പ്രദേശത്താണ് വഴിവിളക്കുകൾ ഇത്തരത്തിൽ മിഴി തുറക്കാത്തത്. തകർന്നുകിടക്കുന്ന മലയോരപാതയും വാഹനയാത്രികരെ ഭീതിയിലാക്കുന്നുണ്ട്.
ആനകൾ പാഞ്ഞടുത്ത് അപകടസ്ഥിതിയിൽ ഉറക്കെ നിലവിളിച്ചാൽപോലും ഇവിടെ ആരും കേൾക്കാനില്ല. ഒരുവശത്ത് പീച്ചി കാടും മറുഭാഗത്തു പൊന്തക്കാട് കയറിയ വലിയ തോട്ടങ്ങളുമാണ്. അതിനിടയിലൂടെയാണ് വീതികുറഞ്ഞ റോഡുള്ളത്. റോഡിൽ വഴിവിളക്കുകൾ ഉണ്ടെങ്കിൽ ആനശല്യത്തിന് കുറവാകുമെന്നു നാട്ടുകാർ പറയുന്നു.
അബദ്ധത്തിൽ വാഹനയാത്രികർ ആനകൾക്കു മുന്നിൽപ്പെട്ടാൽ പിന്നെ എന്തുസംഭവിക്കുമെന്നു പറയാനാകില്ല. തകർന്ന റോഡായതിനാൽ വേഗത്തിൽ വാഹനം ഓടിച്ചുപോകാനും കഴിയില്ല. സോളാർ വിളക്കുകൾ ഇടയ്ക്കിടെ പ്രവർത്തിക്കാത്ത സാഹചര്യമുള്ളതിനാൽ പനംകുറ്റിവരെ എത്തിനിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ രണ്ടു കിലോമീറ്റർകൂടി നീട്ടി പോത്തുചാടി വരെയാക്കി തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമുണ്ട്.