ട്രഞ്ച് നിർമാണത്തിനു പദ്ധതികൾ അനിവാര്യം
1418204
Tuesday, April 23, 2024 12:46 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ആന, പന്നി എന്നിവയുടെ ശല്യം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാൽ വനാതിർത്തികളിൽ ഘട്ടംഘട്ടമായുള്ള ട്രഞ്ച് നിർമാണത്തിന് പദ്ധതി വേണമെന്ന ആവശ്യം ശക്തമാകുന്നു.
നിലവിൽ വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിംഗ് ആനശല്യം തടയാൻ ഫലപ്രദമല്ലെന്ന കണ്ടെത്തലിലാണ് നല്ല ആഴത്തിലും വീതിയിലുമുള്ള ട്രഞ്ച് നിർമാണം വേണമെന്ന ആവശ്യമുയരുന്നത്.
ട്രഞ്ച് നിർമാണം ഉപകാരപ്രദമാകുമെന്ന വിലയിരുത്തലുകളാണ് അനുഭവങ്ങളിലൂടെ കർഷകർ പങ്കുവയ്ക്കുന്നത്.
വനാതിർത്തിയിൽ പോസ്റ്റുകൾ സ്ഥാപിച്ചുള്ള ഫെൻസിംഗും വനാതിർത്തിയിലെ വലിയ മരത്തിൽ കമ്പി കെട്ടിയുള്ള അട്ടപ്പാടി മോഡൽ ഫെൻസിംഗും കിഴക്കഞ്ചേരിയുടെ മലയോരത്ത് പൂർണ വിജയമല്ല.
താത്കാലിക ആശ്വാസം മാത്രമാണിതെല്ലാം. മരങ്ങൾ വേലിയിലേക്കു തള്ളിയിട്ട് വേലി തകർത്താണ് ആനകൾ കൃഷിയിടങ്ങളിലെത്തുന്നത്.
സമീപത്ത് തള്ളിയിടാൻ പറ്റുന്ന മരങ്ങളിലെങ്കിൽ ദൂരെ നിന്നു പോലും തടികൊണ്ട് വന്ന് വേലിയിലിട്ട് വഴിയുണ്ടാക്കുമെന്ന് ദിവസവും വനാതിർത്തിയിലെ ഫെൻസിംഗ് പരിശോധനാ ഡ്യൂട്ടിയുള്ള ഫോറസ്റ്റ് വാച്ചർമാർ പറയുന്നു.
ഒരു സ്ഥലത്ത് റിപ്പയർ ചെയ്താൽ മറ്റൊരിടത്ത് പൊളിക്കും. ദിവസവും ഇതു തുടരുകയാണ്. വനാതിർത്തിക്കു പുറമെ സ്വകാര്യ തോട്ടങ്ങളുടെ അതിർത്തികളിലും സോളാർ ഫെൻസിംഗ് ഉള്ള സ്ഥലത്തും ആനയിറങ്ങുന്നുണ്ട്.
ആനകളുടെ ബുദ്ധി പാരമ്യവും അതിശയിപ്പിക്കുന്നതാണ്. ആനശല്യം ഒഴിവാക്കാൻ 2019 ജൂണിൽ പാലക്കുഴി റോഡിൽ എംഎൽഎ ഇടപ്പെട്ട് കന്നിമാരി എസ്റ്റേറ്റിൽ ആനിമൽ റിപ്പല്ലൻ്റ് സ്ഥാപിച്ച് പരീക്ഷിച്ചെങ്കിലും അതും ഉദ്ദേശലക്ഷ്യം നിറവേറ്റാൻ പോന്നതായില്ല.
ഈ സോളാർ സംവിധാനത്തിന്റെ പത്തു മീറ്റർ ചുറ്റളവിൽ കാട്ടുമൃഗങ്ങളോ മനുഷ്യരോ വന്നാൽ കാട്ടു കടന്നലിന്റെയും കടുവയുടെയും ഇടകലർന്ന ശബ്ദം വലിയ ഉച്ചത്തിൽ പുറപ്പെടുവിക്കും.
ഇതിനൊപ്പം ഫ്ളാഷ് ലൈറ്റുകളും തിളങ്ങും. കാട്ടാനകൾക്ക് കാട്ടിൽ പേടിയുള്ള ശബ്ദങ്ങളാണ് കടുവയുടെയും കടന്നലിന്റെയും.
വനം വകുപ്പിന്റെ ഈ കണ്ടെത്തൽ കൂടി പരിഗണിച്ചായിരുന്നു പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനം ഈ ശബ്ദം വരുന്ന സംവിധാനം രൂപപ്പെടുത്തി സ്ഥാപിച്ചത്.
പൊള്ളാച്ചി ആനമല ഭാഗത്ത് ഈ സംവിധാനം സ്ഥാപിച്ചപ്പോൾ ആനശല്യം മാറിയതിനെ തുടർന്നാണ് കിഴക്കഞ്ചേരി മലയോരത്തും ആനിമൽ റിപ്പല്ലന്റ് നടപ്പാക്കിയത്.
പക്ഷെ, പീച്ചി കാട്ടിലെ ആനകൾക്ക് ഇത്തരം പേടിപ്പിക്കുന്ന ശബ്ദങ്ങളോന്നും പ്രശ്നമായില്ല. രണ്ടുമൂന്ന് ദിവസം ആനകൾ വന്നില്ല. പിന്നെ, കുറച്ച് മാറി മറ്റൊരു ഭാഗത്തു കൂടി ആനകളെത്തി കൃഷി നശിപ്പിക്കൽ തുടർന്നു.
ഇത്തരത്തിൽ പരീക്ഷണങ്ങൾക്കായി ഇനിയും കൂടതൽ ഫണ്ട് ചെലവഴിക്കാതെ വനാതിർത്തിയിൽ ട്രഞ്ച് നിർമാണത്തിനു പദ്ധതി തയാറാക്കണമെന്നാണ് ആവശ്യം.
കാട്ടുമൃഗങ്ങൾക്ക് ഇഷ്ടപ്പെട്ട ഫലവൃക്ഷങ്ങളൊ കൃഷികളോ മലയോരത്ത് ചെയ്യരുതെന്നാണ് വനം വകുപ്പിന്റെ ഉപദേശം. അങ്ങനെയായാൽ കാഞ്ഞിരം പോലെയുള്ള മരങ്ങൾ മാത്രമെ തോട്ടത്തിൽവച്ച് പിടിപ്പിക്കാനാകു എന്നാണ് കർഷകർ പറയുന്നത്.
ചക്ക സീസണിൽ പ്ലാവുകളെല്ലാം ആന തള്ളി മറിച്ചിടും. വാഴയുടെ കുലകൾ ഉപേക്ഷിക്കുന്ന ആനകൾ അതിന്റെ പിണ്ടിയാണ് പ്രധാനമായും തിന്നുക. മൂപ്പെത്താത്ത കുലകളാണ് ഇങ്ങനെ നശിപ്പിക്കുക. റബർ മരത്തിന്റെ തൊലി തിന്നുന്നതിനു മാൻ, കലമാൻ കൂട്ടങ്ങളെത്തും.
ശല്യക്കാരായ പന്നി, കുരങ്ങുപട, മയിൽ, മലയണ്ണാൻ, മുള്ളൻപന്നി തുടങ്ങി എല്ലാ കാട്ടുമൃഗങ്ങളുടെയും സംഗമ ഭൂമികയായാണ് രാത്രിയും പകലുമൊക്കെയായി കൃഷിയിടങ്ങളിൽ മാറുന്നത്.