ഇറിഡിയം തട്ടിപ്പ്; നാടുവിടാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി സൂചന
1535263
Saturday, March 22, 2025 1:00 AM IST
ഇരിങ്ങാലക്കുട: ഇറിഡിയം തട്ടിപ്പില്‍ പ്രതികളായവര്‍ നാടുവിടാന്‍ ശ്രമം നടത്തുന്നതായി സൂചന. പ്രതിപ്പട്ടികയിലുള്ള ഇരിങ്ങാലക്കുട സ്വദേശിനിയുടെയും മാപ്രാണം സ്വദേശിനിയുടെയും ഫോണുകള്‍ കഴിഞ്ഞദിവസം മുതല്‍ സ്വിച്ച് ഓഫാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ കുറച്ചുനാള്‍ നാട്ടില്‍നിന്നു മാറിനില്ക്കാന് നിര്‍ദേശമുള്ളതായി പ്രതിപ്പട്ടികയിലുള്ളവര്‍ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനാണിത്. പരാതിക്കാരെ അനുനയിപ്പിച്ചു കേസുകള്‍ പിന്‍വലിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ആത്മീയപരിവേഷവും ചാരിറ്റി പരസ്യങ്ങളുമുപയോഗിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍നിന്ന് 500 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് രഹസ്യാന്വേഷണ പോലീസിന്റെ കണ്ടെത്തല്‍. പെരിഞ്ഞനം സ്വദേശി ഹരിസ്വാമി, ഇരിങ്ങാലക്കുട സ്വദേശി ജിഷ, മാപ്രാണം സ്വദേശി പ്രസീദ എന്നിവര്‍ക്കതിരേയാണ് മാടായിക്കോണം സ്വദേശി മനോജ് നല്കിയ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.
തട്ടിപ്പ് സംബന്ധിച്ച് മറ്റു രണ്ടു പരാതികള്‍ ജില്ലാ പോലീസ് മേധാവിക്കു ലഭിച്ചിട്ടുണ്ട്. ഇതിൽ മൊഴിയെടുത്തു കേസ് രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കാടിനുള്ളിലെ ഇറിഡിയം ലോഹം കാണാന്‍ സേഫ്റ്റി ജാക്കറ്റ് വാങ്ങാന്‍ മൂന്നു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഒരു പരാതി. കല്‍പ്പറമ്പ് സ്വദേശിനിയാണ് തൃശൂര്‍ റൂറല്‍ പോലീസ് മേധാവിക്കു ഇതു സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. ബിസിനസിനായുള്ള ഇറിഡിയം ബംഗളൂരുവിലുള്ള കാട്ടിലാണെന്നും കാണണമെങ്കില്‍ ഒന്നരലക്ഷത്തിന്റെ സേഫ്റ്റി ജാക്കറ്റ് വേണമെന്നും പറഞ്ഞാണ് യാത്രക്കൂലിയടക്കം മൂന്നു ലക്ഷം വാങ്ങിയതെന്നു പരാതിയിൽ പറയുന്നു. ആറു ലക്ഷം രൂപയാണ് ഇവരില്‍നിന്ന് ഇരിങ്ങാലക്കുട സ്വദേശി പണം കൈപ്പറ്റിയത്.
മൂന്നു ലക്ഷത്തിന്റെ നിക്ഷേപത്തിനു പ്രതിഫലമായി ഒരു കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. പണം വാങ്ങിയയാൾ സ്കൂള്‍ ആരംഭിക്കുന്നുണ്ടെന്നും ആ സ്കൂളില്‍ അധ്യാപികയായി നിയമിക്കാമെന്നും ഉറപ്പു നല്‍കിയിരുന്നു. 2020 ഒക്ടോബറിലാണ് ഇവരില്‍നിന്നു പണം ബാങ്ക് അക്കൗണ്ട് വഴി വാങ്ങിയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇവർ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. 2024 ജൂണ്‍ 15 നു പണം തിരികെനല്കാമെന്നു കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍വച്ച് ഇരുകൂട്ടരും തമ്മില്‍ ധാരണയായെങ്കിലും തുക നല്‍കിയില്ല. നിക്ഷേപത്തുക ആവശ്യപ്പെട്ട് നിരവധി തവണ ഫോണ്‍ ചെയ്തിരുന്നുവെങ്കിലും ഫോണ്‍ എടുത്തതുമില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ജില്ലാ പോലീസില്‍ പരാതി നല്കി ഒരു മണിക്കൂറിനകം നിക്ഷേപത്തുക തിരികെ നല്‍കാമെന്നും പരാതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഫോണ്‍ വന്നിരുന്നതായി പരാതിക്കാരി പറഞ്ഞു.
ആനന്ദപുരം സ്വദേശിനിയും പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ മൊഴിയെടുത്തു കേസെടുക്കുന്ന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രതിപ്പട്ടികയിലുള്ളവര്ക്കു നാടുവിടുന്നതിനുള്ള അവസരം ഒരുക്കുകയാണ് പോലീസ് ചെയ്യുന്നതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പണം നഷ്ടപ്പെട്ടവര്‍ സമരപരിപാടികൾക്കും ഒരുങ്ങുന്നുണ്ട്.