മേയറുടെ ഓഫീസിലേക്കു മാർച്ച് നടത്തി വഴിയോരക്കച്ചവടക്കാർ
1532731
Friday, March 14, 2025 1:42 AM IST
തൃശൂർ: വഴിയോരക്കച്ചവടക്കാരെ തെരുവിൽനിന്ന് ആട്ടിയോടിക്കാൻ ശ്രമിക്കുമ്പോൾ ഇടതുപക്ഷമാണു മേയറുടെ പക്ഷമെന്ന് ഓർക്കണമെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. കേരള വഴിവാണിഭ തൊഴിലാളി യൂണിയൻ മേയറുടെ വസതിയിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെ പക്ഷമായ ഇടതുപക്ഷത്തെ കൈവിട്ട് വലതുപക്ഷനയങ്ങൾക്കനുസരിച്ചുള്ള ചിന്താധാരയാണ് വഴിയോരക്കച്ചവടക്കാരുടെ കാര്യത്തിൽ മേയർ നടപ്പാക്കാൻ ശ്രമിക്കുന്നത്. വഴിയോരക്കച്ചവടക്കാർ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും വിദേശരാജ്യങ്ങളുടെ പകർപ്പുകൾ നാട്ടിൽ നടപ്പാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഐ.എ. റപ്പായി അധ്യക്ഷത വഹിച്ചു. അഡ്വ. വി.എൻ. നാരായണൻ, അഡ്വ. മനോജ് ചിറ്റിലപ്പിള്ളി, പി.ഒ. അബ്ദുൾ മുത്തലീഫ്, പി.കെ. കൃഷ്ണൻ, ഉദയൻ കളരിക്കൽ, ടി.എസ്. അജയ്കുമാർ, ജെയിംസ് മാത്യു, സുരേഷ് തച്ചംപിള്ളി, കെ.എ. ആന്റണി, ഇ.വി. മുസ്തഫ എന്നിവർ പ്രസംഗിച്ചു.