ആധുനികരീതിയിൽ കെട്ടിടവും കവാടവും ; സ്കൂളിനു മുന്നിലെ വഴി ദുർഘടം
1484881
Friday, December 6, 2024 5:58 AM IST
തിരുവില്വാമല: ലക്ഷങ്ങൾ മുടക്കി ആധുനികരീതിയിൽ പണികഴിപ്പിച്ച കെട്ടിടവും ഭംഗിയുള്ള കവാടവും ഒക്കെ നിർമിച്ചിട്ടുണ്ടെങ്കിലും കുട്ടികൾക്ക് സ്കൂളിലേക്ക് കടന്നുചെല്ലാൻ കല്ലും മണ്ണും നിറഞ്ഞ വഴി ദുരിതമാകുന്നു.
തിരുവില്വാമല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഗേറ്റിനു മുന്നിലെ വഴിയാണ് കാനനപാതയെ തോല്പിക്കുന്നത്. കുട്ടികളും രക്ഷിതാക്കളും കല്ലിൽ തട്ടി വീഴുന്നത് നിത്യസംഭവമാണ്. മഴക്കാലമാണെങ്കിൽ പറയാനും ഇല്ല.
ഇതുവഴി പോകുന്ന കുട്ടികളുടെ ദുരിതയാത്ര കണക്കിലെടുത്ത് ഗേറ്റിനു മുൻവശം സഞ്ചാര യോഗ്യമാക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.