ദേവസ്വംസ്ഥലം ഏറ്റെടുക്കാതെതന്നെ തിരുവെങ്കിടം അടിപ്പാത നിർമിക്കാനാകും
1460584
Friday, October 11, 2024 7:01 AM IST
ഗുരുവായൂർ: സതേൺ റെയിൽവേ ജനറൽ മാനേജരും ഡിവിഷണൽ റെയിൽവെ മാനേജരും ഗുരുവായൂരിലെത്തി സ്റ്റേഷനിലെ നിർമാണപുരോഗതി വിലയിരുത്തി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നതുകാരണം അനിശ്ചിതത്വത്തിലായിരുന്ന തിരുവെങ്കിടം അടിപ്പാത നിർമാണം തുടങ്ങാൻ സാധ്യത തെളിയുന്നു.
സതേൺ റെയിൽവെ ജനറൽ മാനേജർ ആർ.എൻ. സിംഗും ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്ലിയാൽ എന്നിവരാണു ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇരുവരും റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നിർമാണപ്രവൃത്തിയുടെ പുരോഗതിയും തിരുവെങ്കിടം അടിപ്പാതയുടെ സാധ്യതയെക്കുറിച്ചും വിശദമായി പരിശോധിച്ചു.
ദേവസ്വം സ്ഥലം ഏറ്റെടുക്കാതെതന്നെ അടിപ്പാത നിർമിക്കുവാൻ കഴിയുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തിയത്. ഇതിനായി നിലവിലെ പ്ലാനിൽ ചെറിയ മാറ്റംവരുത്തും. ദേവസ്വം സ്ഥലം നിൽക്കുന്ന ഭാഗത്താണു പ്ലാനിൽ മാറ്റംവരുത്തേണ്ടത്. ഒരു ചരിവോടുകൂടി ബോക്സ് ടൈപ്പ് അടിപ്പാത നിർമിക്കാനാകുമെന്നാണു വിലയിരുത്തൽ.
അടിപ്പാതയ്ക്ക് ദേവസ്വം വിട്ടുനൽകാമെന്ന് അറിയിച്ചിരുന്ന സ്ഥലവും സ്വകാര്യവ്യക്തിയുടെ ഏറ്റെടുക്കുന്ന സ്ഥലവും ഉദ്യോഗസ്ഥർ നോക്കിക്കണ്ടു. അടിപ്പാതയുടെ പ്ലാൻ വിശദമായി പരിശോധിച്ച് വെള്ളത്തിന്റെ ഒഴുക്കിനെക്കുറിച്ചും അപ്രോച്ച് റോഡിനെക്കുറിച്ചും ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഡിആർഎം രണ്ടുമണിക്കൂറോളം സ്റ്റേഷൻ പരിസരത്തുനടന്ന് പരിശോധിച്ചു. പിന്നീടാണ് ജനറൽ മാനേജർ പരിശോധന നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തൃശൂരിൽനിന്ന് സ്പെഷൽ ട്രെയിനിലാണ് ഉയർന്ന ഉദ്യോഗസ്ഥർ ഗുരുവായൂരിലെത്തിയത്. ഗുരുവായൂരിലെത്തിയ ജനറൽ മാനേജർ ആർ.എൻ. സിംഗ് വന്നയുടൻ മെട്രോമാൻ ഇ. ശ്രീധരനെ കാണുന്നതിനും ചർച്ച നടത്തുന്നതിനുമായി പൊന്നാനിയിലെ ശ്രീധരന്റെ വസതിയിലേക്കുപോയി. തിരിച്ചെത്തിയശേഷമായിരുന്നു ജനറൽ മാനേജരുടെ പരിശോധന.
ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേക്ക് റിപ്പോർട്ട് കൈമാറും. തുടർന്ന് പുതിയ പ്ലാൻ അംഗീകരിച്ചുകഴിഞ്ഞാൽ അടിപ്പാത നിർമാണം ആരംഭിക്കാനാണ് പദ്ധതി. അമൃത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിർമാണപ്രവൃത്തികൾ ഡിസംബറോടെ പൂർത്തീകരിച്ച് ജനുവരിയിൽ നാടിനുസമർപ്പിക്കും.