വനിതാകമ്മീഷൻ ശിപാർശകളിൽ സർക്കാരിന് അനുകൂല നിലപാട്: അഡ്വ. ഇന്ദിര രവീന്ദ്രൻ
1458077
Tuesday, October 1, 2024 7:22 AM IST
തൃശൂർ: സംസ്ഥാന വനിതാ കമ്മീഷൻ നൽകുന്ന റിപ്പോർട്ടുകളിൽ സർക്കാർ ഭാഗത്തുനിന്ന് അനുകൂലപ്രതികരണം ലഭിക്കു ന്നതായി വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ. വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ എറിയാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന തീരദേശക്യാന്പിന്റെ ഭാഗമായ ഏകോപനയോഗം ഉദ് ഘാ ടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അവർ.
സ്ത്രീകളുടെ പ്രശ്നങ്ങൾ നേരിട്ടുമനസിലാക്കാനാണ് കഴിഞ്ഞവർഷം മുതൽ വനിതാ കമ്മീഷൻ ക്യാന്പുകളും പബ്ലിക് ഹിയറിംഗുകളും സംഘടിപ്പിക്കുന്നത്. സർക്കാരിനു സമർപ്പിച്ച ശിപാർശകൾ തുടർനടപടികളിലേക്കു കടന്നു. ഇവ നടപ്പാക്കുമെന്നാണു കമ്മീഷന്റെ പ്രതീക്ഷ. സ്ത്രീധനനിരോധന നിയമത്തിൽ ഒരു ഭേദഗതി വനിതാ കമ്മീഷൻ നൽകിയിട്ടുണ്ട്.
വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാർക്കും സ്ത്രീധനംതടയൽ ഓഫീസർമാർക്കും കൂടുതൽ അധികാരങ്ങൾ നൽകുന്നതാണിത്. ദീർഘകാലമായി കോടതികളിൽ കെട്ടിക്കിടക്കുന്ന ചില കേസുകളിലെങ്കിലും വനിതാ കമ്മീഷൻ ഇടപെടലിലൂടെ പരിഹാരമുണ്ടായിട്ടുള്ള കാര്യവും അഡ്വ. ഇന്ദിര രവീന്ദ്രൻ ഓർമിപ്പിച്ചു.
എറിയാട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ഏകോപനയോഗത്തിൽ പ്രസിഡന്റ് കെ.പി. രാജൻ, വനിതാ കമ്മീഷൻ അംഗങ്ങളായ വി.ആർ. മഹിളാമണി, അഡ്വ. കുഞ്ഞായിഷ, കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ കെ. ചന്ദ്രശോഭ, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. സുഗന്ധകുമാരി, അസി. ഡയറക്ടർ ഡോ. സി. സീമ തുടങ്ങിയവർ പ്രസംഗിച്ചു.
ക്യാന്പിന്റെ രണ്ടാംദിനമായ ഇന്ന് എറിയാട് അവബോധ സെമിനാർ സംഘടിപ്പിക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാർ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി
ഉദ്ഘാടനംചെയ്യും.