കാവല്ലൂരില്‍ കൃഷിനശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു
1443999
Sunday, August 11, 2024 6:48 AM IST
അളഗപ്പനഗര്‍: കാവല്ലൂരില്‍ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രത്യേകം നിയോഗിച്ച അംഗീകൃത ഷൂട്ടറായ സുദര്ശന് മത്തോളിയാണ് നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്.
കാവല്ലൂര്‍ കവിത സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കവിത കര്‍ഷ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമപരമായി നിര്‍മാര്‍ജനം ചെയ്യുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നുവരികയാണ്. കര്‍ഷകരായ മോഹനന് കോവാത്ത്, രാജു കിഴക്കുടന്‍, റപ്പായി പൊന്നാരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജിഷ്മ രഞ്ജിത്ത്, പി.എസ്. പ്രീജു എന്നിവരുടെ നേതൃത്വത്തില്‍ കൃഷി സ്ഥലത്ത് ഡീസല്‍ ഒഴിച്ച് കാട്ടുപന്നിയെ കുഴിച്ചുമൂടി. കഴിഞ്ഞ മാസവും പ്രദേശത്തിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നിരുന്നു. വരും ദിവസങ്ങളില്‍ കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കര്‍ഷകരുടെ സഹായത്തോടെ ക്യാമ്പ് ചെയ്ത് നിയമപരമായി നിര്‍മ്മാര്‍ജനം ചെയ്യുമെന്ന് കര്‍ഷകസമിതി കണ്‍വീനര്‍ പി.ആര്.ഡേവീസ് അറിയിച്ചു.