കോർപറേഷൻ കടമുറികൾ മറിച്ചുകൊടുത്ത സംഭവം ; പരാതിക്കാരെ ഭീഷണിപ്പെടുത്തി കടമുറി മാഫിയകൾ
1443550
Saturday, August 10, 2024 1:59 AM IST
ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: കോർപറേഷൻ കടമുറികൾ വാടകയ്ക്കെടുത്തു മറിച്ചുവിൽക്കുന്നവർക്കെതിരെ പരാതികൊടുത്തവർക്കു കരാർ മാഫിയകളുടെ ഭീഷണി.
പരാതിക്കാരനെ ഫോണിൽ വിളിച്ച് പരാതിയിൽനിന്നു പിൻമാറാൻ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ തട്ടിക്കളയുമെന്നു ഭീഷണി മുഴക്കുകയുമായിരുന്നു. കോർപറേഷൻ കടമുറികളിൽ പലതും വർഷങ്ങളായി കൈവശംവച്ച് മറ്റു പലർക്കും വാടകയ്ക്കു മറിച്ചുകൊടുത്ത് അമിതലാഭം കൊയ്യുന്നയാളാണു ഭീഷണിക്കാരൻ. ഭരണക്കാരും ഉദ്യോഗസ്ഥരുമായി പിടിപാടുള്ള ഇയാൾ ലക്ഷങ്ങളാണ് ഇത്തരത്തിൽ സന്പാദിക്കുന്നത്.
ഇതിന്റെ നിശ്ചിതവിഹിതം ഉദ്യോഗസ്ഥർക്കും ചില കൗൺസിലർമാർക്കും രഹസ്യമായി എത്തുന്നുണ്ട്. അതുതന്നെയാണു പരാതി കൊടുത്തയാളുടെ ഫോൺനന്പർ ഇയാൾക്കു ലഭിച്ചതിനും കാരണം.
ശക്തൻ ആർക്കേഡ്, ബസ് സ്റ്റാൻഡ് കെട്ടിടം, കുറുപ്പം റോഡ്, ജയ്ഹിന്ദ് മാർക്കറ്റ്, കിഴക്കേകോട്ട, പടിഞ്ഞാറെകോട്ട, മണ്ണുത്തി എന്നിവിടങ്ങളിലെ കെട്ടിടങ്ങളിലെ കടമുറികളാണ് കോർപറേഷൻ വാടകയ്ക്കു നല്കുന്നത്. ഇവിടങ്ങളിലെ മുറികൾ വാടകയ്ക്കു കിട്ടണമെങ്കിൽ കരാർമാഫിയകളെ സമീപിക്കേണ്ട ഗതികേടാണ്. തുച്ഛമായ വാടകയ്ക്കു വ്യാപാരികൾക്കു കിട്ടേണ്ട കടമുറികൾ വൻവാടകയ്ക്കാണു കരാർമാഫിയകൾ മറിച്ചുവിൽക്കുന്നത്.
മുൻകാലങ്ങളിൽ കടമുറികൾ ലേലത്തിൽ സ്വന്തമാക്കിയ ചിലരാണ്, പിന്നീട് വ്യാപാരം നിർത്തിയെങ്കിലും കടമുറികൾ ഒഴിഞ്ഞുകൊടുക്കാതെ വാടകയ്ക്കു മറിച്ചുനല്കുന്നത്.
കോർപറേഷനിലെ കരാർമാഫിയകളുടെ വിളയാട്ടത്തിനെതിരെ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയുടെ ഓഫീസ് മുന്പ് തദ്ദേശ സ്വയംഭരണവകുപ്പിനു നിർദേശം നല്കിയിട്ടുള്ളതാണ്. എന്നാൽ നടപടികൾ കടലാസിലൊതുങ്ങി.
കടമുറികളുടെ വാടക ഇനത്തിലും, വാടകകുടിശിക വരുത്തിയും കോടികളുടെ നഷ്ടമാണു കോർപറേഷൻ വരുത്തിവച്ചതെന്നു മുൻവർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. എന്നിട്ടും കടമുറിമാഫിയകൾ കോർപറേഷനിൽ തകർത്തുവാഴുകയാണ്.
കടമുറിവ്യവഹാര കരാറുകൾ തയാറാക്കുന്നതിലും വൻതട്ടിപ്പുകൾ നടക്കുന്നതായി മുൻകാലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ചട്ടങ്ങൾ ലംഘിച്ചു തോന്നിയപോലെയാണ് കരാറുകൾ കോർപറേഷനിൽ രജിസ്റ്റർ ചെയ്യുന്നത്. ഇതിനു ചില കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുള്ളതായും ആക്ഷേപമുണ്ട്.