വയനാടിനായി കൈകോര്‍ത്ത് ഇരിങ്ങാലക്കുട രൂപത
1440942
Thursday, August 1, 2024 2:28 AM IST
ഇരിങ്ങാലക്കുട: വയനാട്ടിലുണ്ടായ അതിഭീകരമായ ഉരുള്‍പൊട്ടലില്‍ നിരവധിപേരുടെ ജീവന് നഷ്ടപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് ഉറ്റവരെയും വീടുകളും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത ഹൃദയഭേദകമായ സംഭവത്തില്‍ രൂപതയിലെ വിശ്വാസിസമൂഹത്തിന്റെ ദുഃഖവും വേദനിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യവും മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു.
അപ്രതീക്ഷിതമായി മഹാദുരന്തത്തിന് ഇരയായവര്ക്കൂവേണ്ടി പ്രാര്‍ഥിക്കുന്നതോടൊപ്പം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു സഹായമെത്തിക്കാന്‍ ബിഷപ് ആഹ്വാനം ചെയ്തു. സഹായങ്ങളും പുനരധിവാസപദ്ധതികളും വയനാട് മേഖലയിലുള്ള സാമൂഹികക്ഷേമ ഏജന്‍സികളുമായി സഹകരിച്ച് നടപ്പാക്കാന്‍ രൂപത നടപടിയെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് നാലിനു ദിവ്യബലിമധ്യേയുള്ള സ്തോത്രക്കാഴ്ച വയനാട്ടിലെ പുനരധിവാസ പദ്ധതികള്‍ക്ക് എത്തിച്ചുകൊടുക്കും. അന്നു രൂപതയില്‍ പ്രാര്‍ഥനാദിനമായി ആചരിക്കും.
ഇരിങ്ങാലക്കുട രൂപതാ അതിര്‍ത്തിക്കുള്ളിലും മഴക്കെടുതി നേരിടുന്നവരും ഒറ്റപ്പെട്ടുപോയവരുമുണ്ട്. യുവജനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കൂട്ടായ്മ (ടാസ്ക് ഫോഴ്സ്) രൂപീകരിച്ച് സഹായങ്ങള്‍ എത്തിക്കാന്‍ ഇടവകവികാരിമാര്‍ ശ്രദ്ധിക്കണമെന്ന് ബിഷപ് അഭ്യര്‍ഥിച്ചു. ചാലക്കുടി സെന്റ് ജെയിംസ്, മേലഡൂര് ഇന്‍ഫന്റ് ജീസസ്, പോട്ട ധന്യ, പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട്, കുഴിക്കാട്ടുശേരി മറിയം ത്രേസ്യ, പറപ്പൂക്കര അസീസി, കരാഞ്ചിറ ബിഷപ് ആലപ്പാട്ട് എന്നീ ആശുപത്രികളും രൂപതയുടെ ഹൃദയ പാലീയേറ്റീവ് കെയര്‍, സോഷ്യല്‍ ആക്ഷന്‍ ഫോറം, ചാലക്കുടി അവാര്‍ഡ് എന്നിവയും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു സഹായവും നേതൃത്വവും നല്‍കും. ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകള്‍: മോണ്‍. ജോളി വടക്കന്‍ 9447285077, ഫാ. തോമസ് നട്ടേക്കാടന്‍ 8714134407, ഫാ. സിനൂ അരിമ്പൂപറമ്പില്‍ 8589835554, ഫാ. ഷാജു ചിറയത്ത് 9447993780.