വിവാദമായ പിങ്ക് കഫേ എടുത്തുമാറ്റി
1429147
Friday, June 14, 2024 1:27 AM IST
എരുമപ്പെട്ടി: സമരങ്ങൾ കൊണ്ടും നിയമ പോരാട്ടങ്ങൾ കൊണ്ടും വിവാദമായ എരുമപ്പെട്ടി പഞ്ചായത്ത് കുടുംബശ്രീ പിങ്ക് കഫേ എരുമപ്പെട്ടി പോലീസ് സ്റ്റേഷന് മുന്നിൽനിന്ന് എടുത്തുമാറ്റി.പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ എം.സി.ഐജു ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് ജില്ലാ കളക്ടർ നൽകിയ ഉത്തരവുപ്രകാരമാണ് പിങ്ക് കഫേ കാരവൻ സംസ്ഥാന പാതയോരത്തുനിന്ന് നീക്കം ചെയ്തത്.
കുടുംബശ്രീ മിഷൻ ജില്ലയിലേക്ക് അനുവദിച്ച ഏക പിങ്ക് കഫേ ലഭിച്ചത് എരുമപ്പെട്ടി പഞ്ചായത്തിനാണ്. 2023 ഫെബ്രുവരി 13 ന് പിങ്ക് കഫേ കാരവാൻ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനും പോലീസ് സ്റ്റേഷനും മുമ്പിലായി സംസ്ഥാന പാതയോരത്ത് സ്ഥാപിച്ചു.
എന്നാൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് മുന്നിൽ സ്ഥാപിച്ച പിങ്ക് കഫേ കുട്ടികൾക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയുയർത്തുന്നതായി കാണിച്ച് പഞ്ചായത്ത് മെമ്പർ എം.സി. ഐജുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് 163 ദിവസം നീണ്ടുനിന്ന സമര നടത്തുകയും പൊതുമരാമത്ത് വകുപ്പിലും ജില്ലാ കളക്ടർ, തഹസിൽദാർ ഉൾപ്പടെയുള്ള അധികാരികൾക്കും പരാതികൾ നൽകുകയും പിന്നീട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് കോൺഗ്രസ് കുടുംബശ്രീയുടെ തൊഴിൽ സംരഭങ്ങൾ തകർക്കുകയാണെന്നാരോപിച്ച് കോൺഗ്രസിനെതിരെ കുടുംബശ്രീയും സിപിഎമ്മും രംഗത്തെത്തുകയും തുറന്ന പോരാട്ടത്തിന് വഴിയൊരുക്കുകയും ചെയ്തു. തുടർന്ന് എ.സി. മൊയ്തീൻ എംഎൽഎ സംഭവത്തിൽ ഇടപ്പെട്ട് ചർച്ച നടത്തുകയും പിങ്ക് കഫേ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ധാരണയാവുകയും ചെയ്തിരുന്നു.
ഇതിനുശേഷമാണ് പിങ്കെ കഫേ പോലീസ് സ്റ്റേഷനും എൽ.പി.സ്കൂൾ വഴിക്കും മുന്നിലായി റോഡരികിൽ മാറ്റി സ്ഥാപിച്ചത്. എന്നാൽ പഞ്ചായത്തിന്റെ ഈ നടപടി അംഗീകരിക്കാൻ കോൺഗ്രസും മെമ്പർ ഐജുവും തയാറായില്ല. ഇത് വിദ്യാർഥികൾക്കും പൊതു ജനങ്ങൾക്കും കൂടുതൽ അപകടസാധ്യത ഉയർത്തുന്നുവെന്ന് ചൂണ്ടി കാണിച്ച് ഐജു അധികൃതർക്ക് വീണ്ടും പാരാതി നൽകുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ഐജുവിന്റെ പരാതിക്ക് അനുകൂലമായി പൊതുമരാമത്തും ഭൂരേഖ തഹസിൽദാരും പോലീസും റിപ്പോർട്ട് നൽകിയിരുന്നു.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥ ലത്ത് സ്ഥാപിച്ച പിങ്ക് കഫേ കാരവാൻ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ പഞ്ചായത്ത് സെക്രട്ടറിക്കു നിർദേശം നൽകി.
ഉത്തരവ് ലംഘിച്ചാൽ കോടതിയലക്ഷ്യം ഉൾപ്പടെയുള്ള നിയമ നടപടികൾ നേരിടേണ്ടിവരുമെന്നു സെക്രട്ടറിക്കു താക്കീത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പിങ്ക് കഫേ മാറ്റിയത്.
മൂന്നുമാസം മുമ്പാണ് പിങ്ക് കഫേ ഉദ്ഘാടനം കഴിച്ച് പ്രവർത്തനം ആരംഭിച്ചത്. കളക്ടറുടെ ഉത്തരവിനെത്തുടർന്ന് ഒരാഴ്ചമുമ്പ് പിങ്ക് കഫേ അടച്ചുപൂട്ടിയിരുന്നു. അഞ്ച് കുടുംശ്രീ അംഗങ്ങളാണ് കഫേയിൽ തൊഴിൽ ചെയ്തിരുന്നത്.
കഫേ അടച്ചതോടെ ഇതുകൊണ്ട് ഉപജീവനം നടത്തിയിരുന്ന കുടുംബശ്രീ അംഗങ്ങൾ പ്രതിസന്ധിയിലായിരുന്നു. മാറ്റിയ പിങ്ക് കഫേ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തനമാരംഭിക്കുമെന്നാണു സൂചന.