സംഗീത നാടക അക്കാദമി പ്രഫഷണൽ നാടകമത്സരം 25 മുതൽ
1423645
Monday, May 20, 2024 1:11 AM IST
തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ അഞ്ചു ദിവസത്തെ പ്രഫഷണൽ നാടക മത്സരം 25ന് ആരംഭിക്കും. കെ.ടി. മുഹമ്മദ് തിയറ്ററിൽ 29 വരെ രാവിലെ 10.30നും വൈകീട്ട് ആറിനും രണ്ടു നാടകങ്ങൾ വീതമാണ് അവതരിപ്പിക്കുക.
25നു രാവിലെ 9.30നു നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി, അംഗം സഹീർ അലി എന്നിവർ പ്രസംഗിക്കും. പ്രവേശനം സൗജന്യമാണ്. നാടക മത്സരത്തോടനുബന്ധിച്ച് അക്കാദമി പുസ്തകോത്സവവും ഉണ്ടായിരിക്കും.
മൊത്തം പത്തു നാടകങ്ങളാണ് അരങ്ങിലെത്തുക. ആദ്യദിനം 10.30നു വള്ളുവനാട് നാദം കമ്യൂണിക്കേഷൻസിന്റെ ഉൗഴം എന്ന നാടകവും വൈകീട്ട് ആറിന് അക്ഷരകല തിരുവനന്തപുരത്തിന്റെ കുചേലനും അരങ്ങേറും. 26നു രാവിലെ കായംകുളം ദേവാ കമ്യൂണിക്കേഷൻസിന്റെ ചന്ദ്രികാവസന്തം, വൈകീട്ട് കൊ ല്ലം ഗാന്ധിഭവൻ തീയറ്റർ ഇന്ത്യയുടെ നവോത്ഥാനം, 27നു രാവിലെ കോഴിക്കോട് സങ്കീർത്തനയുടെ പറന്നുയരാനൊരു ചിറക്, വൈകീട്ട് സൗപർണിക തിരുവനന്തപുരത്തിന്റെ മണികർണിക, 28നു രാവിലെ അന്പലപ്പുഴ സാരഥിയുടെ രണ്ടു ദിവസം, വൈകീട്ട് തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ വാണവരുടേയും വീണവരുടെയും ഇടം, 29നു രാവിലെ കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ ശാന്തം, വൈകീട്ട് വടകര കാഴ്ച കമ്യൂണിക്കേഷൻസിന്റെ ശിഷ്ടം എന്നീ നാടകങ്ങൾ അരങ്ങേറും.
ബെന്നി പി. നായരന്പലം ജൂറി ചെയർമാനും സജിത മഠത്തിൽ, ഷിനിൽ വടകര എന്നിവർ അംഗങ്ങളും അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മെംബർ സെക്രട്ടറിയുമായ ജൂറിയാണു മത്സരത്തിനുള്ള നാടകങ്ങൾ തെരഞ്ഞെടുത്തത്.