കെഎസ്ആർടിസിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ
1417517
Saturday, April 20, 2024 1:32 AM IST
ചാലക്കുടി: അതിരപ്പിള്ളി - ചാലക്കുടി റൂട്ടിൽ കെഎസ്ആർടിസി ജീവനക്കാർ സ്വകാര്യബസ് സർവീസിനെ നശിപ്പിക്കുന്നതായി അതിരപ്പിള്ളി മേഖലയിലെ സ്വകാര്യബസുടമ - തൊഴിലാളി സംരക്ഷണസമിതി ആരോപിച്ചു.
അധികാരികൾ ഇതിനു പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ചാലക്കുടി - അതിരപ്പിള്ളി മേഖലയിലെ ബസുടമകളും തൊഴിലാളികളും കുടുംബസമേതം ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതടക്കമുള്ള പ്രതിഷേധ മാർഗങ്ങളിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുനൽകി.
കോവിഡ് 19ന് ശേഷം അതിരപ്പിള്ളി -ചാലക്കുടി മേഖലയിൽ യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ കെഎസ്ആർടിസി സർവീസ് നടത്തുകയാണെന്ന് ഇവർ ആരോപിച്ചു. 30 വർഷത്തിലേറെയായി സർവീസ് നടത്തുന്ന സ്വകാര്യബസുകളുടെ തൊട്ടുമുമ്പിൽ ഒരു സമയക്രമവും പാലിക്കാതെയാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്.
കെഎസ്ആർടിസിയുടെ ഈ നടപടിക്കെതിരെ അതിരപ്പിള്ളി പഞ്ചായത്തിൽ സർവകക്ഷിയോഗം വിളിച്ച് ബസുകൾ തമ്മിലുള്ള സമയവ്യത്യാസം 20 മിനിറ്റ് ആക്കണമെന്ന് നിർദേശം നൽകിയിട്ടുള്ളതാണ്.
ഇതിനെതിരെ ഗതാഗതമന്ത്രിക്ക് നേരിൽകണ്ട് പരാതി കൊടുക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇതിനൊന്നും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. കോവിഡ് 19 ശേഷം ഏകദേശം 10 സർവീസുകൾ ആണ് കെഎസ്ആർടിസി ഈ റൂട്ടിൽ കൂടുതലായി ആരംഭിച്ചത്.
ഇതിന് ഒരു പരിഹാരം ഉണ്ടാകുന്നതുവരെ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് പത്രസമ്മേളനത്തിൽ സി.വി. സുരേഷ്, രാജേഷ് മഹിമ, മിൽട്ടൺ പി.ഡേവിസ്, ഷിബു ആട്ടോക്കാരൻ, കെ.ജി. ജിജേഷ് കുമാർ, ഡാനിഷ് ഡേവിസ്, ദേവസിക്കുട്ടി, പൗലോസ് കുണ്ടുകുളം, സുമേഷ് തുടങ്ങിയവർ അറിയിച്ചു.