കൊയ്ത്തുകഴിഞ്ഞിട്ടും നെല്ല് കയറ്റിപ്പോകുന്നില്ല; ആശങ്കയോടെ കർഷകർ
1417064
Thursday, April 18, 2024 1:48 AM IST
പറപ്പൂർ: പറപ്പൂർ സർവീസ് സഹകരണ സംഘത്തിനു കീഴിൽ സൗത്ത് സംഘം കോൾപടവിൽ ഏപ്രിൽ എട്ടു മുതൽ കൊയ്ത്ത് കഴിഞ്ഞ നെല്ല് പാടത്തുകിടക്കുകയാണ്. എൻജിൻകൂലിയും സബ്സിഡികളും മാത്രം പടവുകമ്മിറ്റിക്കാർക്ക്. തൂക്കംപിടിക്കാനോ നെല്ല് കൊണ്ടുപോകുവാനോ കഴിയാത്ത അവസ്ഥയാണ്.
മില്ലുകാരുടെ നിർബന്ധത്തിനുവഴങ്ങി നാലു കിലോ നെല്ല് തൂക്കം കുറയ്ക്കുകയും ചെയ്തു. നെല്ല് കയറ്റിപ്പോകാത്ത കാരണം കഴിഞ്ഞദിവസം പെയ്ത മഴ തിരിച്ചടിയായി. മഴയത്തുകിടക്കുന്ന നെല്ല് എടുക്കാൻ ആളില്ലാത്തതു കർഷകർക്ക് ഏറെ ബുദ്ധിമുട്ടുളവാക്കുന്നു. സഹകരണ ബോർഡ് അംഗങ്ങളും പടവ് കമ്മിറ്റിക്കാരും തിരിഞ്ഞുനോക്കുന്നില്ല. നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ ഇവിടത്തെ കർഷകർ കളക്ടർക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും പരാതി കൊടുക്കുവാൻ ഒരുങ്ങുകയാണെന്ന് അറിയിച്ചു.