സഹികെട്ടു: നാട്ടുകാര് പ്രതിഷേധത്തിലേക്ക്
1397493
Tuesday, March 5, 2024 1:26 AM IST
ഏങ്ങണ്ടിയൂരിൽ ആഴ്ചകളായി കുടിവെള്ളമില്ല; വീട്ടമ്മമാർ പഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞു
ഏങ്ങണ്ടിയൂർ: ആഴ്ചകളായി കുടിവെള്ളം ലഭ്യമാകാത്തതിനെ തുടർന്ന് ഏങ്ങണ്ടിയൂർ 15, 16 വഞ്ചിക്കടവ്, ചിപ്പിമാട് മേഖലയിലെ വീട്ടമ്മമാർ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി ഘൊരാവോ ചെയ്തു.
പ്രസിഡന്റ് ഗീതു കണ്ണൻ, വൈസ് പ്രസിഡന്റ് ഹർഷവർധനൻ കാക്കനാട്ട്, പഞ്ചായത്ത് സെക്രട്ടറി പരമേശ്വരൻ എന്നിവരെയാണ് ഘൊരാവോ ചെയ്തത്. പ്രസിഡന്റ് ഗീതു കണ്ണൻ പ്രതിനിധീകരിക്കുന്ന വാർഡ് പതിനാറ്, വൈസ് പ്രസിഡന്റ് ഹർഷവർധനൻ കാക്കനാട് പ്രതിനിധീകരിക്കുന്ന വാർഡ് പതിനഞ്ച് എന്നിവിടങ്ങളിലെ വീട്ടമ്മമാരാണ് പഞ്ചായത്തിലെത്തി പ്രസിഡന്റിന്റെ മുറിയിൽകയറി തടഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയത്. ആഴ്ചകൾ പിന്നിട്ടിട്ടും കുടിവെള്ളം ലഭ്യമല്ലെന്നും വിഷയത്തിൽ പഞ്ചായത്ത് യാതൊരു താല്പര്യവും കാണിക്കുന്നില്ലെന്നും സമരത്തിനെത്തിയ വീട്ടമ്മമാർ പറഞ്ഞു.
കുടിവെള്ള വിഷയത്തിൽ വർഷങ്ങളായി തുടർഭരണം നടത്തുന്ന ഇടത് പഞ്ചായത്ത് ഭരണസമിതികൾ തുടരുന്ന അലംഭാവം പ്രതിഷേധാർഹമാണെന്നും ത്രിതല പഞ്ചായത്തും ബന്ധപ്പെട്ട ജനപ്രതിനിധികളും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും മുൻ ഗ്രാമപഞ്ചായത്തംഗവും ചാവക്കാട് താലൂക്ക് വികസനസമിതി അംഗവുമായ ഇർഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു.
വനിതാ വ്യവസായകേന്ദ്രം മാലിന്യ സംഭരണ
കേന്ദ്രമാക്കിയതിനെതിരെ പ്രതിഷേധം
എരുമപ്പെട്ടി: വെള്ളറക്കാട് മണ്ണാൻകുന്ന് കോളനിയിലെ പട്ടികജാതി വനിതാ വ്യവസായകേന്ദ്രം മാലിന്യ സംഭരണകേന്ദ്രമാക്കിയ കടങ്ങോട് പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.
ജനവാസകേന്ദ്രത്തിൽ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്സി മോർച്ച പ്രവർത്തകർ പന്തംകൊളുത്തി സമരംചെയ്തു. പട്ടികജാതി വനിതകൾക്ക് തൊഴിൽ നൽകുന്നതിനായി വർഷങ്ങൾക്കുമുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കേന്ദ്രം ഇപ്പോൾ മാലിന്യസംഭരണ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. പഞ്ചായത്തിലെ ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഇവിടെ സംഭരിക്കുന്നത്. എന്നാൽ പ്ലാസ്റ്റിക്കിന് പുറമെ ചില്ലുകൾ ഉൾപ്പടെയുള്ള വസ്തുക്കളുണ്ടെന്നും കെട്ടിടത്തിനകത്തും പുറത്തും മാലിന്യ വസ്തുക്കൾ കൂട്ടിയിടുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും എസ്സി മോർച്ച പ്രവർത്തകർ പറഞ്ഞു. പ്ലാസ്റ്റിക് വസ്തുക്കൾ പറമ്പിലിട്ട് കത്തിക്കുന്നതായും നാട്ടുകാരും വാർഡ് മെമ്പറും പരാതിപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. പട്ടികജാതി വനിതകൾ തൊഴിൽ ചെയ്യുന്നതിനായി കേന്ദ്രം ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതായും എസ്സി മോർച്ച പ്രവർത്തകർ പറയുന്നു.
പഞ്ചായത്ത് ജനറൽ സെക്രട്ടറി ബിജു പാരിക്കുന്ന് സമരം ഉദ്ഘാടനംചെയ്തു. മണ്ണാൻക്കുന്ന് ബൂത്ത് പ്രസിഡന്റ് മിഥുന് രാജ് അധ്യക്ഷനായി. എം.ബി. ബിജേഷ്, വി.എ. മണികണ്ഠൻ, ടി.ഒ. ദിലീപ്, ടി.ടി. മണികണ്ഠൻ, വി.കെ. ശരത്ത് എന്നിവര് നേതൃത്വംനൽകി.
ഉദ്യോഗസ്ഥർക്കെതിരേ
നാട്ടുകാരുടെ
ഉപരോധസമരം
തിരുവില്വാമല: പഞ്ചായത്തിലെ കെട്ടിട പെർമിറ്റിനും മറ്റ് ആവശ്യങ്ങൾക്കുംവേണ്ടിയുള്ള അപേക്ഷകളിൽ തീർപ്പാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ജനരോഷം ഇരമ്പി.
കെട്ടിട പെർമിറ്റിനായി പഞ്ചായത്ത് ഓഫീസിൽ വരുന്നവരോട് പ്ലാൻ ശരിയല്ല, സ്കെച്ച് ശരിയല്ല, വഴിയില്ല തുടങ്ങി സാങ്കേതിക തടസങ്ങളും തൊടുന്യായങ്ങളുന്നയിച്ചും മാസങ്ങളോളം നടത്തിച്ച് വട്ടംകറക്കുകയാണ് ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥ. എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് പ്രശ്നം രൂക്ഷമായിട്ടുള്ളത്. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇവിടുത്തെ ചില ഉദ്യോഗസ്ഥർക്കെന്ന് നാട്ടുകാര് ആരോപിച്ചു. ഒടുവിൽ സഹികെട്ട ജനങ്ങൾ സംഘടിച്ച് പഞ്ചായത്ത് ഓഫീസിൽ ഉപരോധസമരവുമായി എത്തുകയായിരുന്നു. സ്ത്രീകളടക്കമുള്ളവർ മുദ്രാവാക്യംവിളിച്ചും പ്ലക്കാർഡുകളേന്തിയും പഞ്ചായത്ത് ഓഫീസിനു മുന്നിലിരുന്നു.
ഗ്രാമപഞ്ചായത്ത് ഭരണകർത്താക്കൾക്കും വാർഡിലെ മെംബർമാരുടെയും അറിവിലേക്ക് തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ വോട്ടർമാരായ ജനങ്ങളുടെ നിവേദനം എന്ന നിലയിൽ ലഘുലേഖയും അച്ചടിച്ച് വിതരണം ചെയ്തു.