വന്യമൃഗശല്യം: മുന്നറിയിപ്പ് ബോർഡുകളുമായി വനംവകുപ്പ്
1397488
Tuesday, March 5, 2024 1:26 AM IST
അതിരപ്പിള്ളി: പ്ലാന്റേഷൻ റോഡുകളിലും പരിസരത്തും വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ച് വനം വകുപ്പ്. ഏഴാറ്റുമുഖം മുതൽ അയ്യമ്പുഴ വരെയുള്ള റോഡരികുകളിൽ വിവിധ ഇടങ്ങളിലായി അന്പതോളം ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ബോർഡുകൾ സ്ഥാപിച്ചതല്ലാതെ യാതൊരു സുരക്ഷാസംവിധാനവും ഒരുക്കിയിട്ടില്ല. ഇവിടങ്ങളിൽ വന്യജീവികളുടെ അടുത്തേക്ക് വിനോദസഞ്ചാരികൾ എത്തുന്നത് പതിവുകാഴ്ചയാണ്. വിനോദസഞ്ചാരികളെ നിയന്ത്രിക്കുന്നതിന് വാച്ചറെപ്പോലും നിയമിച്ചിട്ടില്ല.
റോഡിൽ വാഹനങ്ങൾ നിർത്താനോ വന്യമൃഗങ്ങളുടെ ഫോട്ടോയെടുക്കാനോ സഞ്ചാരം തടസപ്പെടുത്താനോ പാടില്ല തുടങ്ങിയ നിർദേശങ്ങൾ എല്ലാം ബോർഡിൽ ഉണ്ട്. ഈ നിർദേശങ്ങൾ ലംഘിച്ചാൽ കേസെടുക്കുമെന്നും അറിയിക്കുന്നു.
വിനോദസഞ്ചാരികളിൽ ഏറിയപങ്കും ഈ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് വന്യമൃഗങ്ങളെ കാണുമ്പോൾ പെരുമാറുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ വന്യമൃഗങ്ങളെ കാണുമ്പോൾ ആവേശത്തോടെ ബഹളംവയ്ക്കുകയും അടുത്തുചെന്ന് ഫോട്ടോയെടുക്കാൻ തിക്കിത്തിരക്കുകയും ചെയ്യുകയാണ്. ആനകളെ കാണുമ്പോൾ ബഹളംവച്ചും കല്ലെറിഞ്ഞും പ്രകോപിപ്പിക്കുമ്പോൾ അവ ആക്രമിക്കാനായി പാഞ്ഞടുക്കുന്നത് പതിവുസംഭവമാണ്.
രണ്ടുവർഷത്തിനുള്ളിലാണ് കാട്ടാനശല്യം ഈ മേഖലകളിൽ അതിരൂക്ഷമായിരിക്കുന്നത്.