കൊടകര ഫൊറോന പള്ളി ഓഫീസും ഡോണ്‍ബോസ്കോ സ്കൂളും കുത്തിത്തുറന്ന് മോഷണം
1397486
Tuesday, March 5, 2024 1:26 AM IST
കൊടകര: സെന്റ് ജോസഫ്സ് ഫൊറോന പ ള്ളിയുടെ ഓഫീസിലും സമീപത്തുള്ള ഡോണ്‍ ബോസ്കോ ഹൈ സ്കൂളിലും കഴിഞ്ഞദിവസം രാത്രി മോഷണം നടന്നു. പള്ളിയോടു ചേര്‍ന്ന് വൈദികര്‍ താമസിക്കുന്നതിന്റെ തൊട്ടുതാഴത്തെ നിലയിലുള്ള ഓഫീസ് മുറിയുടെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഓഫീസ് മുറിയിലെ പണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ പൂട്ടുതുറക്കാന്‍ ശ്രമംനടന്നെങ്കിലും വിജയിച്ചില്ല.
മേശവലിപ്പിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. സമീപത്തെ ഡോണ്‍ ബോസ്കോ സ്കൂളിലും ഇയാള്‍തന്നെയാണ് മോഷണത്തിന് ശ്രമിച്ചത്. സ്കൂളിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ഓഫീസ് റൂമിനു മുന്നിലെ കുത്തിത്തുറന്നു. ഓഫീസിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ്. വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
വിരലടയാള വിദഗ്ധരും ഡോഗ് സ്വാക്ഡും സ്ഥലത്തെത്തി പരിശോധന നടത്തി. കൊടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെ ഇന്നലെ രാവിലെ പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായ അടിമാലി സ്വദേശിയാണ് കൊടകരയില്‍ മോഷണം നടത്തിയതെന്ന് സൂചനയുണ്ട്.