ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിൽ കുടിവെള്ളം വിതരണംചെയ്യും
1397280
Monday, March 4, 2024 1:11 AM IST
പള്ളിനട: കയ്പമംഗലം മണ്ഡലത്തില്‍ ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിൽ കുടിവെള്ളം വിതരണംചെയ്യും. കയ്പമംഗലം മണ്ഡലത്തിന്റെ നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും നാഷണൽ ഹൈവേ നിർമാണത്തിൽ കുടിവെള്ള പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതുമായും ബന്ധപ്പെട്ട് ഇ.ടി. ടൈസൺ എംഎൽഎ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
അടിയന്തരമായി ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിൽ വാട്ടർ അഥോറിറ്റിയുടേയും ഗ്രാമ പഞ്ചായത്തുകളുടേയും നേതൃത്വത്തിൽ കുടിവെള്ളം വിതരണംചെയ്യും. ദേശീയപാത നിർമാണത്തിൽ പൈപ്പ് ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ പിഡബ്ല്യുഡിയുടേയും വാട്ടർ അഥോറിറ്റിയുടേയും എൻജിനീയർ സംഘങ്ങൾ പരിശോധിച്ച് നിർവഹിക്കേണ്ട നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു.
ജല്‍ജീവന്‍ മിഷന്റെയും പൈപ്പ് ലൈനുകൾ പൂർത്തിയാക്കേണ്ട പഞ്ചായത്തുകളിൽ എത്രയും വേഗത്തിൽ പണിപൂർത്തീകരിക്കാൻ തീരുമാനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിനീത മോഹൻദാസ്, എം.എസ്. മോഹനൻ, സീനത്ത് ബഷീർ, കെ.പി. രാജൻ, നിഷ അജിതൻ, ശോഭന രവി, ടി.എസ്. ചന്ദ്രബാബു, വാട്ടർ അഥോറിറ്റി എക്സി. എന്‍ജിനീയർമാരായ ബാബു, ലിറ്റി ജോർജ്, ബിന്നി പോൾ തുടങ്ങിവയവർ യോഗത്തിൽ പങ്കെടുത്തു.