പട്ടയ വിവരശേഖരണമേള തട്ടിപ്പെന്ന് കോൺഗ്രസ്
1396734
Saturday, March 2, 2024 1:50 AM IST
പുത്തൂർ: തെരഞ്ഞെടുപ്പുസമയങ്ങളിൽ പട്ടയത്തിന്റെ പേരു പറഞ്ഞ് വിവരശേഖരണമേള നടത്തുന്നതു റവന്യൂ മന്ത്രിയുടെ ആവർത്തിച്ചുള്ള തട്ടിപ്പുകളുടെ അടയാളമാണെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ആയിരക്കണക്കിനു കുടുംബങ്ങൾക്ക് അർഹതയുള്ള പട്ടയം കൊടുക്കാതെ പട്ടയമേളകളും സംസ്ഥാനതല ഉദ്ഘാടനങ്ങളും നടത്തുന്ന റവന്യൂ മന്ത്രി നാടിനു ബാധ്യതയായി മാറിയിരിക്കുകയാണ്. മലയോരജനതയെയും സാധാരണക്കാരെയും ജീവിക്കാൻ അനുവദിക്കാതെ തട്ടിപ്പുപരിപാടികൾമാത്രം നടത്തുന്ന രാജൻമന്ത്രിയെ വഴിയിൽ തടയുന്നത് ഉൾപ്പടെയുള്ള സമരങ്ങളുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
പട്ടയത്തിന്റെ സംസ്ഥാന പട്ടയ വിവരശേഖരണമേള നടന്ന മാന്ദാമംഗലം വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ ബഹുജനമാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോസ് വള്ളൂർ. ഒല്ലൂർ ബ്ലോക്ക് പ്രസിഡന്റ് റിസൻ വർഗീസ് അധ്യക്ഷത വഹിച്ചു.
സുനിൽ അന്തിക്കാട്, സുന്ദരൻ കുന്നത്തുള്ളി, ജെയ്ജു സെബാസ്റ്റ്യൻ, എം.എൽ. ബേബി, ടി.എം. രാജീവ്, സിജോ കടവിൽ, കെ.എൻ. വിജയകുമാർ, ലീലാമ്മ തോമസ്, വി.വി. മുരളീധരൻ, കെ.സി. അഭിലാഷ്, ജോണി ചിറയത്ത്, ആൽജോ ചാണ്ടി, രവി പോലുവളപ്പിൽ, ഡേവിസ് ചക്കാലക്കൽ, സിനോയ് സുബ്രഹ്മണ്യൻ, ആന്റോ ചീനിക്കൽ, എം.യു. മുത്തു, കെ.പി. ചാക്കോച്ചൻ, ജേക്കബ് പോൾ, ജോൺസൺ മല്ലിയത്ത് തുടങ്ങിയവർ സംസാരിച്ചു.