പട്ടികജാതി കുടുംബങ്ങളുടെ ഭൗതികസൗകര്യങ്ങള് മെച്ചപ്പെടുത്താൻ പദ്ധതി
1337409
Friday, September 22, 2023 2:10 AM IST
ഇരിങ്ങാലക്കുട: നിര്‍ധനരായ പട്ടികജാതി കുടുംബങ്ങളുടെ വീടുകളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വിദ്യാര്‍ഥികള്‍ക്ക് പഠനമുറികള്‍ ഒരുക്കാനും നഗരസഭയുടെ പദ്ധതി. 2023-24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ 65 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മുപ്പത് കുടുംബങ്ങള്‍ക്ക് വീടുകള്‍ വാസയോഗ്യമാക്കാന്‍ ഒന്നരലക്ഷം വീതം ലഭിക്കും.
സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷല്‍, ടെക്നിക്കല്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെ പഠിക്കുന്ന ഒരുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനവും എണ്ണൂറ് ചതുരശ്രഅടി താഴെ മാത്രം വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാര്‍ഥികള്‍ക്ക് 120 ചതുരശ്ര അടിയുള്ള മുറികള്‍ നിര്‍മിക്കാന്‍ രണ്ടുലക്ഷം രൂപ വീതവുമാണ് അനുവദിക്കുന്നത്.
നഗരസഭാ പരിധിയില്‍ പത്ത് വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ഫണ്ട് അനുവദിക്കുന്നത്. ഒന്ന് മുതല്‍ മൂന്നുമാസങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന ഗുണഭോക്തൃ സംഗമം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനംചെയ്തു.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷിബിന്‍ അധ്യക്ഷനായിരുന്നു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജയ്സന് പാറേക്കാടന്‍, പട്ടികജാതി വികസന ഓഫീസര്‍ പി.യു. ചൈത്ര എന്നിവര്‍ സംസാരിച്ചു.