കാറ്ററിംഗ് സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മിന്നല്‍ പരിശോധന
1336849
Wednesday, September 20, 2023 1:29 AM IST
വരന്തരപ്പിള്ളി: പഞ്ചായത്തിലെ കാറ്ററിംഗ് സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പഞ്ചായത്തിലെ അഞ്ചു കാറ്ററിംഗ് സ്ഥാപനങ്ങളിലും നാലു ഹോട്ടലുകളിലും രണ്ടു ചായക്കടയിലും സംഘം പരിശോധന നടത്തി. വരന്തരപ്പിള്ളി, മുപ്ലിയം, ഇഞ്ചക്കുണ്ട്, ചെങ്ങാലൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതെന്ന് അധികൃതര്‍ കണ്ടെത്തി.
ചില സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെത്തിയ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ അധികൃതര്‍ നശിപ്പിച്ചു. ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്കി. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വരന്തരപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.കെ. മനോജിന്റെ നേതൃത്വത്തില്‍ ജെഎച്ച്ഐമാരായ സലീഷ്, രാജേഷ്, അഖില, റോബിന് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.