എറണാകുളം-അങ്കമാലി അതിരൂപതയിൽ പരിസ്ഥിതി ഞായർ ആചരണം നാളെ
1565484
Saturday, June 7, 2025 4:57 AM IST
കൊച്ചി: വിശ്വാസപരിശീലനത്തിനൊപ്പം കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന് എറണാകുളം -അങ്കമാലി അതിരൂപത നാളെ പരിസ്ഥിതി ഞായർ ആചരണം നടത്തുന്നു. അതിരൂപതയിലെ വിശ്വാസ പരിശീലന വിഭാഗത്തിന്റെയും സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിസ്ഥിതി ഞായർ ആചരിക്കുന്നത്.
അതിരൂപതയിലെ 297 വിശ്വാസ പരിശീലന കേന്ദ്രങ്ങളിൽ ഇടവക വികാരിമാരുടെ നേതൃത്വത്തിൽ മാംഗോസ്റ്റീൻ തൈകൾ നട്ടാണു പരിസ്ഥിതി ഞായർ ആചരണത്തിന് തുടക്കം കുറിക്കുന്നത്. 60000 ലധികം വിദ്യാർഥികളും വിശ്വാസ പരിശീലകരും മാതാപിതാക്കളുടെ പ്രതിനിധികളും പങ്കെടുക്കും.
പരിസ്ഥിതി സംരക്ഷണം എന്ന വിഷയം പ്രത്യേകമായി പഠിക്കുന്ന ആറാം ക്ലാസിലെ വിദ്യാർഥികളുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രായോഗിക പ്രവർത്തനങ്ങൾക്കും നാളെ തുടക്കമാകും. മികച്ച പ്രവർത്തനം നടത്തുന്നവർക്ക് പ്രത്യേക പുരസ്കാരങ്ങളും നൽകും. വീടുകളിൽ പൂന്തോട്ടങ്ങൾ, പച്ചക്കറിത്തോട്ടങ്ങൾ എന്നിവ പരിപാലിക്കുക, കുട്ടിക്കാലം മുതൽ കാർഷികപ്രവർത്തനങ്ങളോട് ആഭിമുഖ്യം വളർത്തുക, ശാസ്ത്രീയമായ മാലിന്യസംസ്കരണം ശീലമാക്കുക,
ആഗോളതാപനത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും കുട്ടികളെയും മാതാപിതാക്കളെയും ബോധവാന്മാരാക്കുക, ജീവിതശൈലി പുനക്രമീകരിക്കുക എന്നിവ പദ്ധതിയുടെ ലക്ഷ്യമാണ്. വിശ്വാസപരിശീലനത്തിന്റെ ഭാഗമായി പരിസ്ഥിതി പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നു വിശ്വാസ പരിശീലന വിഭാഗം ഡയറക്ടർ ഫാ. പോൾ മോറേലി , സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ എന്നിവർ പറഞ്ഞു.
പരിസ്ഥിതി ഞായർ ആചരണത്തിന്റെ അതിരൂപതാതല ഉദ്ഘാടനം ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വികാരി ഫാ. ആന്റണി മഠത്തുംപടി നിർവഹിക്കും.