സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ; യുവതി അറസ്റ്റിൽ
1565473
Saturday, June 7, 2025 4:45 AM IST
കാക്കനാട് : സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. വാഴക്കാല സ്വദേശിയായ തുതിയൂർ ഇന്ദിരാനഗറിൽ താമസക്കാരിയുമായ മഞ്ജു സുധീരനെയാണ് തൃക്കാക്കര നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ തൃക്കാക്കര പോലീസ് അറസ്റ്റുചെയ്തത്.
മാലിന്യം വലിച്ചെറിയുന്ന വീഡിയോ, മാലിന്യം എത്തിക്കുന്ന വാഹനം എന്നിവയുടെ ഫോട്ടോ എടുത്ത് അയയ്ക്കുന്നവർക്ക് കുറ്റക്കാരിൽ നിന്നും ഈടാക്കുന്ന പിഴയുടെ 25 ശതമാനം തുക പാരിതോഷികമായി നൽകുന്ന വാർറൂം മാനേജ്മെന്റ് പോർട്ടലിൽ നിരപരാധികളായവരുടെ ഫോട്ടോയും വാഹന നമ്പറും അപ്ലോഡ് ചെയ്തു പണം തട്ടാനുള്ള നീക്കം പാളിയതോടെ ഇവർ ഉദ്യോഗസ്ഥരെ ജോലി സമയത്ത് അവരുടെ ഇരിപ്പിടങ്ങളിലെത്തി ഭീഷണിപ്പെടുത്തിയെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുമാണ് നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നത്.
വാർ റൂം മാനേജ്മെന്റ് പോർട്ടലിൽ പ്രതി അപ്ലോഡ് ചെയ്ത 100 ഫോട്ടോകൾക്കും 2500 രൂപ വീതം കിട്ടണമെന്നാവശ്യപ്പെട്ട് ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. നിരപരാധികളായ വനിതാ വഴിയോരക്കച്ചവടക്കാരുടെ ഫോട്ടോകളാണ് പ്രതി അപ്ലോഡ് ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഭീഷണിപ്പെടുത്തി പണം പിരിക്കൽ, പൊതുസ്ഥലത്ത് അപമാനിക്കൽ തുടങ്ങി ഇവർക്കെതിരെ നിരവധി പേർ നഗരസഭയിലും പോലീസിലും പരാതി നൽകിയിട്ടുണ്ട്. പണാപഹരണക്കേസിലും പ്രതിയാണ്. തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആദ്യ വനിതാഗുണ്ടയാണിവരെന്ന് പോലീസ് പറഞ്ഞു.
തൃക്കാക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.കെ. സുധീറിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ വി.ബി. അനസ്, അസി. സബ് ഇൻസ്പെക്ടർ പ്രിയ, വനിതാ സിവിൽ പോലീസ് ഓഫീസർ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.