കട കുത്തിപ്പൊളിച്ച് കവർച്ച; ഒളിവിലായിരുന്ന പ്രതി കുടുങ്ങി
1515017
Monday, February 17, 2025 4:21 AM IST
കൊച്ചി: നഗരത്തിലെ കട കുത്തിപ്പൊളിച്ച് പണം കവര്‍ന്ന കേസിൽ ഒളിവിലായിരുന്ന പ്രതി പോലീസിന്റെ പിടിയിലായി. വയനാട് മാനന്തവാടി വെള്ളമുണ്ട സ്വദേശി സുധീഷി(35)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയ് 10ന് പുലര്‍ച്ചെ 3.30ന് എറണാകുളം ടിഡി റോഡിലുള്ള കടയുടെ ഷട്ടറുകള്‍ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതി മേശവലിപ്പും കുത്തിത്തുറന്ന് 50,000 രൂപയോളം മോഷ്ടിക്കുകയായിരുന്നു.
കേരളത്തിന് പുറത്തും ഒളിവില്‍ കഴിഞ്ഞ പ്രതി കഴിഞ്ഞയിടെ വയനാട്ടില്‍ എത്തി ഒരു എസ്റ്റേറ്റില്‍ ജോലിക്കാരനായി ഒളിച്ചു താമസിക്കുകയായിരുന്നു. ഇയാള്‍ തിരിച്ചെത്തിയ വിവരം ലഭിച്ച സെന്‍ട്രല്‍ പോലീസ് വയനാട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തെ ബാധിച്ചിരുന്നു. തോട്ടം തൊഴിലാളികള്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ഏഴ് കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു.