കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു
1461374
Wednesday, October 16, 2024 3:51 AM IST
മൂവാറ്റുപുഴ: വാളകം പഞ്ചായത്തിൽ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. കൊച്ചി - ധനുഷ്കോടി ദേശീയപാതയിലും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും കുടിവെള്ള പൈപ്പ് പൊട്ടുന്നത് നിത്യസംഭവമാവുകയാണ്.
ഇതുമൂലം ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പൊട്ടുമുകൾ കുടിവെള്ള ടാങ്കിലേയ്ക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടുന്നതുമൂലം റോഡ് സഞ്ചാരയോഗ്യമല്ലാതെയായി.
വിവിധയിടങ്ങളിൽ ജലജീവൻ കുടിവെള്ള പദ്ധതിയുടെ പൈപ്പും പൊട്ടുന്നതുമൂലം ജലക്ഷാമം രൂക്ഷമാണ്. ജല അഥോറിറ്റിയിൽ പൈപ്പ് പൊട്ടിയത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഇതുവരെ ഉദ്യോഗസ്ഥരോ, കരാറുകാരോ തിരിഞ്ഞു നോക്കിയിട്ടില്ല.
ഇതേത്തുടർന്ന് അടിയന്തരമായി പൈപ്പ് നന്നാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി വാളകം മണ്ഡലം പ്രസിഡന്റ് ജിജോ പാപ്പാലിൽ പരാതി നൽകി.