"ഗാന്ധിജി ശരിയെന്ന് പുതിയ കാലഘട്ടം ഓർമിപ്പിക്കുന്നു'
1459012
Saturday, October 5, 2024 4:48 AM IST
കൊച്ചി: ഗാന്ധിജിയെ വെടിവെച്ചുകൊന്നതു വർഗീയ ശക്തികളാണെന്നതു തന്നെ ഗാന്ധിജി ശരിയായിരുന്നു എന്നതിന്റെ തെളിവെന്ന് എഴുത്തുകാരനും കോളമിസ്റ്റുമായ രാം മോഹൻ പാലിയത്ത് അഭിപ്രായപ്പെട്ടു. എറണാകുളം ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ഗാന്ധിയൻ പ്രഭാഷണ പരമ്പരയിൽ രണ്ടാം ദിനത്തിലെ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി ശരിയെന്നു പുതിയ കാലഘട്ടം നിരന്തരം ഓർമിപ്പിക്കുന്നുണ്ട്. ഗാന്ധി എന്നും ഒരു പാഠപുസ്തകമാണ്. ഗാന്ധിജിയുടെ മതേതരത്വം ശരിയായിരുന്നു എന്നതിന്റെ തെളിവുകളാണ് നാം ഇന്നും കാണുന്നത്.
ഗാന്ധിക്ക് ഒരു തുടർച്ച ഉണ്ടായില്ല എന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. നാടകകൃത്ത് ടി.എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, കെ.വി.പി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.