‘സർഗധ്വനി’ക്ക് തിരിതെളിഞ്ഞു
1458995
Saturday, October 5, 2024 4:39 AM IST
മൂവാറ്റുപുഴ: സിബിഎസ്ഇ സെൻട്രൽ കേരള സഹോദയ സ്കൂൾ കലോത്സവം സർഗധ്വനിക്ക് മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിൽ തിരിതെളിഞ്ഞു. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ നാനാതരത്തിലുളള കഴിവുകളെ വളർത്തിയെടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ബിഷപ് പറഞ്ഞു.
യോഗത്തിൽ സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിച്ചു. എഫ്സിസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർലിൻ , സ്വാഗത സംഘം ജനറൽ കണ്‍വീനറും നിർമല പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ഫാ. പോൾ ചൂരത്തൊട്ടി,
ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോണ്‍സ്, സഹോദയ സെക്രട്ടറി ജൈന പോൾ, സ്പോർട്സ് കോ-ഓർഡിനേറ്റർ സി.സി. സുബാഷ്, പ്രധാനാധ്യാപിക സിസ്റ്റർ ലിജിയ എഫ്സിസി, പിടിഎ പ്രസിഡന്റ് സി.വി. ജോണി തുടങ്ങിയവർ പ്രസംഗിച്ചു.
ഡയാലിസിസ് രോഗികൾക്ക് ചികിത്സാ സഹായമായി നൽകുന്ന രണ്ടര ലക്ഷം രൂപയുടെ ചെക്ക് പ്രിൻസിപ്പൽ ഫാ. പോൾ ചൂരത്തൊട്ടി സഹോദയ സെക്രട്ടറി ജൈന പോളിന് കൈമാറി. ഏഴു മുതൽ ഒന്‍പത് വരെയാണ് പ്രധാന മത്സരങ്ങൾ.
എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ 92 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം പ്രതിഭകൾ മൂന്ന് നാൾ നീണ്ടു നിൽക്കുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കും. നാല് വിഭാഗങ്ങളിലായി പതിനഞ്ച് വേദികളിൽ 140 ഇനങ്ങളിലാണ് മത്സരങ്ങൾ .