അപൂര്‍വരോഗം : കരളും വൃക്കയും മാറ്റിവച്ചു; 47കാരന് പുതുജീവൻ
1454584
Friday, September 20, 2024 3:23 AM IST
കൊച്ചി: കേരളത്തിലും ദുബായിലുമായി 22 വര്‍ഷത്തെ ചികിത്സ, 15 ഓളം ശസ്ത്രക്രിയകള്‍... അപൂര്‍വ രോഗത്തിന്റെ പിടിയിലായിരുന്ന 47കാരന് ഒടുവില്‍, മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റിലൂടെ പുതുജീവന്‍. കൊച്ചി വിപിഎസ് ലേക്ഷോറില്‍ കരളും വൃക്കയും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ കണ്ണൂര്‍ സ്വദേശി മോഹന്‍ കാമ്പ്രാത്തിനാണ് പുതുജീവിതം ലഭിച്ചത്.
പ്രൈമറി ഹൈപ്പറോക്സലൂറിയ എന്ന അപൂര്‍വ ജനിതക വൈകല്യമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ശരീരത്തില്‍ ഒക്സലേറ്റ് അടിഞ്ഞു കൂടുന്നത് തടയുന്ന, കരളിലെ എന്‍സൈം ഈ രോഗമുള്ളവരില്‍ ഉണ്ടാവില്ല. ഇതിലൂടെ ശരീരത്തില്‍ ഉണ്ടാകുന്ന അമിതമായ ഓക്സലേറ്റ് വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതിനും ഹൃദയം, കണ്ണുകള്‍ തുടങ്ങിയ മറ്റ് സുപ്രധാന അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിനും ഇടയാക്കും.
23ാം വയസില്‍ ദുബായിലായിരുന്നു വൃക്കയിലെ കല്ല് നീക്കാനുള്ള ആദ്യ ശസ്ത്രക്രിയ. തുടർന്ന് ദുബായിയില്‍ തന്നെ ഏഴ് ശസ്ത്രക്രിയകളും കോഴിക്കോട്ടെ ആശുപത്രിയില്‍ ആറ് ശസ്ത്രക്രിയകളും നടത്തിയെങ്കിലും രോഗത്തിന് മാറ്റമുണ്ടായില്ല. മാസങ്ങള്‍ക്ക് മുന്‍പ് കടുത്ത ശരീരവേദനയെ തുടര്‍ന്ന് മോഹനെ വിപിഎസ് ലേക്ഷോറില്‍ പ്രവേശിപ്പിച്ചു.
കല്ലുകള്‍ സുപ്രധാന അവയവങ്ങളെ ബാധിക്കാന്‍ തുടങ്ങിയതിനാല്‍, കരളും വൃക്കയും ഒരുമിച്ചു മാറ്റിവയ്ക്കല്‍ മാത്രമാണ് രക്ഷിക്കാനുള്ള ഏക മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍. യൂറോളജി, നെഫ്രോളജി, ലിവര്‍ ട്രാന്‍സ്പ്ലാന്റ് എന്നീ ഡിപ്പാര്‍ട്മെന്റുകളില്‍ നിന്നുള്ള വിദഗ്ധരുടെ ടീം ഒരേ സമയം രണ്ട് ദാതാക്കളും ഒരു സ്വീകര്‍ത്താവും ഉള്‍പ്പെട്ട സങ്കീര്‍ണമായ ശസ്ത്രക്രിയ മൂന്ന് ഓപ്പറേഷന് തിയറ്ററുകളിലായി നടത്തി.
ഡോ.ഫദല്‍ എച്ച് വീരാന്‍കുട്ടി, ഡോ. ജോര്‍ജ് പി. ഏബ്രഹാം, ഡോ. എബി ഏബ്രഹാം, ഡോ. ഡാറ്റ്സണ്‍ ജോര്‍ജ് , ഡോ. ജിതിന് എസ്. കുമാര്‍, ഡോ. മോഹന്‍ മാത്യു എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിലെ മെഡിക്കല്‍ ടീമിന്റെ കൂട്ടായ പ്രവര്‍ത്തനമാണ് അപൂര്‍വ രോഗങ്ങളുടെ ചികിത്സയില്‍ വിജയത്തിന് സഹായിക്കുന്നതെന്നു ലേക് ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.കെ അബ്ദുള്ള പറഞ്ഞു.