മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗിൾ പേയിലൂടെ 50,000 തട്ടിയയുവാവ് കുടുങ്ങി
1454295
Thursday, September 19, 2024 3:29 AM IST
കോതമംഗലം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം ഗൂഗിൾ പേയിലൂടെ 50,000 രൂപ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേളണ്ണൂര്‍ കോണോടുത്താഴം ഹിറാ മന്‍സില്‍ മുനീബ്(29) ആണ് അറസ്റ്റിലായത്.
ചെറുവട്ടൂര്‍ മുസ്ലിം പള്ളിയില്‍ പ്രാര്‍ഥിക്കാനെത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ കവർന്ന ശേഷം പ്രതി ഗൂഗിൾ പേ വഴി 50,000 രൂപ തട്ടിയെടുക്കുകയും ചെയ്യുകയുമായിരുന്നു. ചെറുവട്ടൂര്‍ സ്വദേശി കുഞ്ഞുമുഹമ്മദിന്റെ മൊബൈലും പണവുമാണ് നഷ്ടമായത്.
കഴിഞ്ഞ 14ന് ഉച്ചയ്ക്ക് പ്രാര്‍ഥനക്ക് പള്ളിയില്‍ എത്തിയപ്പോഴാണ് 15,000 രൂപ വിലയുള്ള മൊബൈലുമായി മുനീബ് കടന്നത്. തട്ടിയെടുത്ത മൊബൈലിലെ ഗൂഗിൾ പേ പാസ്വേഡ് ഉപയോഗിച്ച് തുറന്ന് പ്രതിയുടെ അക്കൗണ്ടിലേക്ക് 50,000 രൂപ മാറ്റിയെടുത്തു. എടിഎമ്മില്‍ കയറി കുഞ്ഞുമുഹമ്മദ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം മനസിലായത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ചെറുവട്ടൂര്‍ ഭാഗത്ത് ഉണ്ടെന്ന് വ്യക്തമായി. പോലീസെത്തി കൈവശമുള്ള മൊബൈല്‍ വാങ്ങി പരിശോധിച്ചപ്പോള്‍ തട്ടിയെടുത്ത മൊബൈലാണെന്ന് വ്യക്തമായി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു.
സിഐ പി.ടി. ബിജോയ്, എസ്ഐമാരായ ഷാഹുല്‍ ഹമീദ്, ആല്ബിന് സണ്ണി, എം.എം. റെജി, എഎസ്ഐ എല്‍ദോസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.