വയോജനങ്ങളെ ആദരിച്ച് വിശ്വജ്യോതിയിൽ ‘തിരുമുല്ക്കാഴ്ച’
1453226
Saturday, September 14, 2024 4:01 AM IST
അങ്കമാലി: വയോജനങ്ങളെ ആദരിച്ച് അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച ഓണാഘോഷം വേറിട്ട കാഴ്ചയായി. ‘തിരുമുല്ക്കാഴ്ച’ എന്ന പേരില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിൽ വെറ്റിലയും അടക്കയും നാണയവും കുട്ടികള്‍ വയോജനങ്ങളുടെ കാല്ക്കല് സമര്‍പ്പിച്ചു. വയോജനങ്ങള്‍ കുട്ടികളെ അനുഗ്രഹിച്ചു.
തുടർന്ന് വയോജനങ്ങള്‍ അവരുടെ ഓണക്കാല അനുഭവങ്ങള്‍ പങ്കുവച്ചു. ഓണസദ്യയും സമ്മാനങ്ങളും നല്‍കിയാണ് കുട്ടികള്‍ മുത്തച്ഛന്മാരെയും മുത്തശിമാരെയും തിരികെയയച്ചത്.
സ്കൂളിന് സമീപമുള്ള 10,11 വാര്‍ഡുകളിലെ 70 പിന്നിട്ടവരെയാണ് ആദരിച്ചത്. 200 ഓളം വയോജനങ്ങള്‍ ചടങ്ങിൽ പങ്കെടുത്തു. അങ്കമാലി നഗരസഭാ ചെയര്മാന് മാത്യു തോമസ് യോഗം ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. അഗസ്റ്റിന് മാമ്പിള്ളി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തക അഖില നന്ദകുമാര്‍ മുഖ്യാതിഥിയായിരുന്നു.
അസോ. ഡയറക്ടര്‍ ഫാ. ആഞ്ചലോ ചക്കനാട്ട്, വാര്‍ഡ് കൗണ്‍സിലര്‍മാരായ എ.വി. രഘു, ലേഖ മധു, പ്രിന്‍സിപ്പല്‍ റീന രാജേഷ്, മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് ആലുക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഷാലി ജോസ്, കെജി വിഭാഗം പ്രധാനാധ്യാപിക സജിനി സൂസന് ഫിലിപ്, പിടിഎ വൈസ് പ്രസിഡന്റ് റെയ്മോള്‍ മേരി മാത്യു എന്നിവര്‍ പ്രസംഗിച്ചു.