ശ്മശാന അറ്റകുറ്റപ്പണിയിൽ അഴിമതിയെന്ന് : നഗരസഭാ സെക്രട്ടറിക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു
1572454
Thursday, July 3, 2025 4:16 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ നഗരസഭ ശ്മശാന അറ്റകുറ്റപ്പണിയിൽ നടന്ന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ശ്മശാനത്തിൽ സംസ്കരിച്ച മാറാടി സ്വദേശിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിയുടെ ഓഫീസിന് മുന്പിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മൂന്നു മാസം ശ്മശാനം അടച്ചിട്ട് ലക്ഷങ്ങൾ ചെലവഴിച്ച് നടത്തിയ അറ്റകുറ്റപ്പണിയിൽ വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിൽ ഏഴ് തവണയാണ് പൊതുശ്മശാനത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുള്ളത്. ലക്ഷങ്ങളുടെ അഴിമതി ഈ പ്രവർത്തികളിൽ നടന്നിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്ക് ശേഷം കഴിഞ്ഞ ദിവസം തുറന്ന പെതുശ്മശാനത്തിൽ മാറാടി സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നിടെ നാല് തവണയാണ് ബർണർ തകരാറിലായത്.
ഒരു മൃതദേഹം രണ്ട് മണിക്കൂർകൊണ്ട് ദഹിപ്പിക്കുന്ന സ്ഥാനത്താണ് 10 മണിക്കൂർകൊണ്ട് മാറാടി സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചത്. നാല് തവണയാണ് മൃതദേഹം പുറത്തെടുത്തതായി പറയുന്നു. ഇത് മൃതദേഹത്തോടുള്ള അനാദരവാണ്.
മൃതദേഹത്തോട് അനാദരവ് കാണിച്ച നഗരസഭ അധികാരികൾക്കെതിരെ ശക്തമായ നിയമ നടപടി പോലീസ് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ ഡിവൈഎസ്പിക്കും ശ്മശാനത്തിന്റെ അറ്റകുറ്റ പ്രവർത്തിയിൽ യുഡിഎഫ് ഭരിക്കുന്ന മൂവാറ്റുപുഴ നഗരസഭയുടെ അഴിമതിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിലും ഡിവൈഎഫ്ഐ പരാതി നൽകി.
പ്രതിഷേധ സമരത്തിന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ, പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ഇ.ബി. രാഹുൽ, അഖിൽ പ്രകാശ് എന്നിവർ നേതൃത്വം നൽകി.