പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
1572298
Wednesday, July 2, 2025 11:08 PM IST
പിറവം: പാഴൂർ ക്ഷേത്രത്തിന് സമീപം പുഴയിൽ വള്ളം മറിഞ്ഞ് കാണാതായ പാഴൂർ കല്ലുമാരി കൊണാട്ടുകുഴിയിൽ കുഞ്ഞുമോന്റെ (കുട്ടായി- 52) മൃതദേഹം കണ്ടെത്തി.
പുഴയിലൂടെ ചെറുവള്ളത്തിൽ പോകുന്നതിനിടയിൽ പാഴൂർ മഴവിൽപ്പാലത്തിനു സമീപം വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറോടെയിരുന്നു സംഭവം.
പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയിരുന്നു. എറണാകുളത്തുനിന്ന് സ്കൂബാ ടീമും എത്തിയിരുന്നു.
പുഴയിൽ നല്ല ഒഴുക്കുള്ള ഭാഗമാണ്. അതിനാൽ തെരച്ചിൽ എളുപ്പമല്ലായിരുന്നു. ഇന്നലെ രാവിലെ പത്തോടെ പാഴൂർ മഴവിൽ പാലത്തിൽനിന്ന് 50 മീറ്റർ മാറി പിറവം മുല്ലൂർപ്പടിയിൽ തച്ചാമറ്റം കടവിന് സമീപത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോലീസ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഭാര്യ: സുനിത. മക്കൾ: അയന (ആന്ധ്ര), ആദർശ്.