പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി കാഷ്വാലിറ്റി: റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷന്
1572464
Thursday, July 3, 2025 4:33 AM IST
കൊച്ചി: പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം പ്രവര്ത്തനക്ഷമമായോ എന്ന് മനുഷ്യാവകാശ കമ്മീഷന്. ഇതുസംബന്ധിച്ച് വിവരം അറിയിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നിര്‍ദേശം നല്കി.
ഒരു മാസത്തിനകം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കാഷ്വാലിറ്റി വിഭാഗം പഴയതുപോലെ പ്രവര്‍ത്തനസജ്ജമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കഴിഞ്ഞ മാസം കമ്മീഷനെ അറിയിച്ചിരുന്നു.
കാഷ്വാലിറ്റി വിഭാഗത്തിലെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായോ, മെഡിക്കല്‍ വാര്‍ഡില്‍ താത്ക്കാലികമായി പ്രവേശിപ്പിച്ചിരിക്കുന്ന കാഷ്വാലിറ്റിയിലെ രോഗികളെ അവിടെനിന്നും കാഷ്വാലിറ്റി വാര്‍ഡിലേക്ക് തിരികെ പ്രവേശിപ്പിച്ചോ, ഒഴിവുവരുന്ന മെഡിക്കല്‍ വാര്‍ഡില്‍ കിടപ്പുരോഗികളെ പ്രവേശിപ്പിച്ചോ തുടങ്ങിയ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ആറാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ലിഫ്റ്റ് സൗകര്യമില്ലാത്തതിനാല്‍ രോഗികളെ സ്ട്രെച്ചറില്‍ ചുമന്ന് രണ്ടാം നിലയിലെത്തിക്കുകയാണെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
കാഷ്വാലിറ്റി വിഭാഗം നേരത്തെ ഗ്രൗണ്ട് ഫ്ളോറിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും അവിടെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടി വന്നതുകൊണ്ടാണ് കിടപ്പുരോഗികളെ ഒന്നാം നിലയിലേക്ക് മാറ്റിയതെന്നും ഡിഎംഒ കമ്മീഷനെ അറിയിച്ചു.