മൂവാറ്റുപുഴയിലെ വ്യാപാരികൾക്കു പ്രതീക്ഷ : കെട്ടിട വാടക കുറയ്ക്കാൻ നിയമോപദേശം തേടുന്നു
1572452
Thursday, July 3, 2025 4:16 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ വ്യാപാര സമൂഹത്തിന് പ്രതീക്ഷ നൽകുന്ന തീരുമാനവുമായി എംഎൽഎയും ചെയർമാനും. മൂവാറ്റുപുഴ നഗരസഭയുടെ കീഴിലുള്ള കെട്ടിടങ്ങളിലെ വാടക കുറയ്ക്കുന്നതിനുള്ള നിയമ ഉപദേശംതേടി നഗരസഭാധ്യക്ഷൻ.
നഗരവികസന പദ്ധതികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണ് മൂവാറ്റുപുഴയിലെ വ്യാപാര സമൂഹം കടന്നു പോകുന്നത്. അവരുടെ വേദന മനസിലാക്കി, അവർക്ക് ഒരു താങ്ങായി നഗരത്തിലെ കെട്ടിട ഉടമകളോട് കച്ചവടം ദുസഹമായിരിക്കുന്ന ഈ സാഹചര്യത്തിൽ തങ്ങളുടെ കട മുറികൾ എടുത്തിരിക്കുന്നവർക്ക് വാടകയിൽ ഇളവ് നൽകണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎയും നഗരസഭാധ്യക്ഷൻ പി.പി. എൽദോസും ചേർന്ന് അഭ്യർഥിക്കാൻ തീരുമാനിച്ചു.
നഗരസഭയുടെ കീഴിലുള്ള കെട്ടിടങ്ങളിൽ വാടക കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിയമവശങ്ങൾ പരിശോധിച്ച ശേഷം സാധ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് നഗരസഭാധ്യക്ഷൻ അറിയിച്ചു. അതേസമയം നഗരത്തിലെ സ്വകാര്യ കെട്ടിട ഉടമകളും വാടകയിൽ കഴിയുന്ന ആശ്വാസം നൽകാൻ തയാറാകണമെന്ന് എംഎൽഎയും ചെയർമാനും തുടർ ദിവസങ്ങളിൽ ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു.
വ്യാപാരികളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്നതിനായി കഴിഞ്ഞ ദിവസം എംഎൽഎ വ്യാപാരി അസോസിയേഷനും പ്രതിസന്ധി നേരിടുന്ന സ്ഥലങ്ങളിലെ വ്യാപാര പ്രതിനിധികളുമായും പ്രത്യേക ചർച്ചയും നടത്തി. വ്യാപാരികളുടെ ദുരിതത്തിൽ കെട്ടിട ഉടമകളും സാഹചര്യങ്ങൾ മനസിലാക്കി അവരോടൊപ്പം നിൽക്കണമെന്ന സന്ദേശമാണ് എംഎൽഎയും ചെയർമാനും ചേർന്ന് നൽകുന്നത്.
കഴിഞ്ഞ ഒന്നര മാസമായി പെയ്യുന്ന മഴ വികസന പ്രവർത്തനങ്ങൾക്ക് വലിയ തടസമാണ് സൃഷ്ടിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായി തുടർന്നാൽ ആരും പ്രതീക്ഷിക്കാത്ത വേഗതയിൽ ജോലി മുന്നോട്ട് കൊണ്ടുപോകുമെന്നും എംഎൽഎ പറഞ്ഞു.