കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡിലെ കുഴിയിൽ വീണ് യുവതിക്ക് പരിക്ക്
1572438
Thursday, July 3, 2025 4:06 AM IST
പള്ളുരുത്തി: കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡിലെ കുഴിയിൽ വീണ് യുവതിക്ക് പരിക്ക്. പെരുമ്പടപ്പ് സനാതന റോഡിൽ താമസിക്കുന്ന അനുമോളാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം.
റോഡിലൂടെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവതി കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിച്ചതിനെ തുടർന്ന് നിലത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ വലിയ വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും പരിസരത്തുണ്ടായിരുന്ന ആളുകൾ ഒച്ചവച്ചതോടെയാണ് കൂടുതൽ അപകടം ഒഴിവായത്.
കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ പെരുമ്പടപ്പ് - കുമ്പളങ്ങി റോഡ് പൊളിച്ചിട്ടിട്ട് മാസങ്ങളായി. നിരവധി പേരാണ് റോഡിലെ കുഴിയിൽ വീണ് അപകടത്തിൽ പെടുന്നത്.
റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ സമരം നടത്തിയെങ്കിലും ഫലം കണ്ടില്ല. മഴ പെയ്യുന്നതിനാൽ ഇപ്പോൾ റോഡ് നന്നാക്കാനാവില്ലെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്.