അറ്റകുറ്റപ്പണി ഒച്ചിഴയും വേഗത്തിൽ; ഗോശ്രീ പാലത്തിൽ കുരുക്ക്
1572444
Thursday, July 3, 2025 4:06 AM IST
വൈപ്പിൻ : എളുപ്പം നോക്കി ഗോശ്രീ വഴി ആരും വരരുതെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ്. ഗോശ്രീ റോഡിലും പാലത്തിലും നിത്യേനയുള്ള ഗതാഗതക്കുരുക്കാണ് നാട്ടുകാരുടെ മുന്നറിയിപ്പിനു കാരണം.
രണ്ടാം പാലത്തിൻ സമാന്തരമായ പാലം അടച്ച് അറ്റകുറ്റപ്പണി ആരംഭിച്ചതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. സമാന്തരപാലം അടച്ചതോടെ ഗോശ്രീ രണ്ടാം പാലത്തിലൂടെയാണ് ഇരു വശങ്ങളിലേക്കും കണ്ടെയ്നർ ഉൾപ്പെടെയുള്ളവ പോകുന്നത്. ഇതാണ് ഗതാഗതക്കുരുക്കി നു പ്രധാന കാരണമത്രേ.
ഒരു മാസമായി തുടരുന്ന അറ്റകുറ്റപ്പണികൾ ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്. പാലത്തിലെ ഗതാഗതക്കുരുക്കു കാരണം സ്വകാര്യ ബസുകൾ വൈപ്പിൻ സ്റ്റാൻഡിൽ കയറുന്നില്ല. ഇതുമൂലം ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, ഐലൻഡ് ഭാഗത്തേക്ക്പോകുന്നവർക്കും തിരിച്ചു വരുന്നവർക്കും യാത്ര ഏറെ ക്ലേശകരമാണ്.
ഈ സാഹചര്യത്തിൽ ഗതാഗത കുരുക്കിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് വൈപ്പിൻ-ഫോർട്ടുകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയതായി പ്രസിഡന്റ് ഫ്രാൻസിസ് ചമ്മിണി അറിയിച്ചു.