സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരം അനാവശ്യമെന്ന്
1572461
Thursday, July 3, 2025 4:33 AM IST
22 വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാല കാമ്പസിലും ഹോസ്റ്റലിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ തള്ളിക്കളണഞ്ഞ് സര്‍വകലാശാല. കാമ്പസ് ലഹരി വിമുക്തമാക്കാനും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് പുറത്തിറക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ നടത്തിയത് അനാവശ്യ സമരമാണെന്നും ഉത്തരവ് നടപ്പാക്കുന്നതുമായി മുന്നോട്ട് പോകുമെന്നും സര്‍വകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.
കാമ്പസിലേക്ക് രാത്രികാലങ്ങളില്‍ അപരിചിത വാഹനങ്ങളും ആളുകളും പ്രവേശിക്കുകയും ഹോസ്റ്റലില്‍ അനധികൃതമായി താമസിക്കുകയും ചെയ്യുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ കാമ്പസില്‍ മികച്ച അക്കാദമിക അന്തരീക്ഷം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് എടുത്ത തീരുമാനങ്ങള്‍ അട്ടിമറിക്കാനാണ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
ഹോസ്റ്റല്‍ ഫീസുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതിനെയും സര്‍വ്വകലാശാല അപലപിച്ചു. രാത്രിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഹോസ്റ്റല്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വം പുറത്തിറക്കിയതും സര്‍വകലാശാല അധികൃതരുടെ അനുവാദമില്ലാതെ അര്‍ധരാത്രി ക്യാമ്പസിനുളളില്‍ സിനിമാ പ്രദര്‍ശനം നടത്തിയതും അച്ചടക്ക ലംഘനമാണ്.
അച്ചടക്ക ലംഘനം നടത്തിയ 22 വിദ്യാര്‍ഥികള്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും സര്‍വകലാശാല അറിയിച്ചു. സര്‍വകലാശാല ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു.