തീരജനതയുടെ പ്രതിഷേധം ഫലം കണ്ടു : ചെല്ലാനത്തു 3.6 കിലോമീറ്റർ കൂടി ടെട്രാപോഡ് കടൽഭിത്തി വരും
1572460
Thursday, July 3, 2025 4:33 AM IST
306 കോടിയുടെ രണ്ടാംഘട്ട പദ്ധതിക്ക് സർക്കാർ അംഗീകാരം
കൊച്ചി: കടലാക്രമണം രൂക്ഷമായ ചെല്ലാനത്തെ തീരജനതയുടെ പ്രതിഷേധം ഫലം കണ്ടു; സർക്കാർ കണ്ണുതുറന്നു. ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തി നിർമിക്കാനുള്ള 306 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. കണ്ണമാലി പുത്തൻതോട് മുതൽ ചെറിയകടവ് വരെ 3.6 കിലോമീറ്റർ നീളത്തിൽ കൂടി ടെട്രാപോഡ് കടൽഭിത്തി നിർമിക്കും. കിഫ്ബിയുടെ പദ്ധതിയായിത്തന്നെ കടൽഭിത്തി നിർമാണം പൂർത്തിയാക്കാൻ ഇന്നലെ ചേർന്ന മന്ത്രിതല യോഗം തീരുമാനിച്ചു.
ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തിയില്ലാത്ത ഭാഗത്തെ തീരസംരക്ഷണം കൂടി ഉറപ്പുവരുത്താനാണ് പ്രത്യേക പരിഗണനയോടെ രണ്ടാംഘട്ടത്തിന് അനുമതി നൽകുന്നത്. 7.3 കിലോമീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് കടൽഭിത്തിയുടെ ആദ്യഘട്ട നിർമാണം 2023ൽ പൂർത്തിയാക്കിയിരുന്നു. 347 കോടി രൂപ ചെലവിലാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്.
നേരത്തെ പത്തു കിലോമീറ്റർ ദൂരം ടെട്രാപോഡും രണ്ടു ഭാഗങ്ങളിൽ പുലിമുട്ടും നിർമിക്കാനാണ് പദ്ധതി തയാറാക്കിയത്. പദ്ധതി മുന്നോട്ട് പോകവെ നിർമാണച്ചെലവിൽ വന്ന വ്യത്യാസവും ഐഐടി റിപ്പോർട്ടും അടിസ്ഥാനമാക്കി 7.3 കിലോമീറ്റർ ദൂരം കടൽഭിത്തി നിർമിച്ച് ഒന്നാംഘട്ടം പൂർത്തിയാക്കുകയായിരുന്നു.
തിരുവനന്തപുരത്തു നടന്ന മന്ത്രിതല യോഗത്തിൽ മന്ത്രിമാരായ പി. രാജീവ്, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, കെ.ജെ. മാക്സി എംഎൽഎ, ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ജലസേചന വകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട്സ്പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം. തീരം സംരക്ഷിക്കണമെന്നും കടൽഭിത്തി നിർമാണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു കെയർ ചെല്ലാനം- കൊച്ചിയുടെ നേതൃത്വത്തിൽ വലിയ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഭരണാനുമതി ഈയാഴ്ച: പി.രാജീവ്
കൊച്ചി: ചെല്ലാനത്തു 3.6 കിലോമീറ്റർ കൂടി ടെട്രാപോഡ് കടൽഭിത്തി നിർമിക്കുന്നതിന് പുതുക്കിയ ഭരണാനുമതി ഈയാഴ്ച തന്നെയുണ്ടാകുമെന്നു മന്ത്രി പി. രാജീവ്. കടൽഭിത്തി നിർമാണത്തിന് 306 കോടി രൂപയുടെ ഡിപിആർ നേരത്തെ തന്നെയുണ്ട്. ഈ വിശദ പദ്ധതി റിപ്പോർട്ട് ഉള്ളതിനാൽ ഭരണാനുമതി പുതുക്കി നൽകിയാൽ മതിയാകും. പുതുക്കിയ പദ്ധതിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതിയും ഉടൻ ലഭ്യമാക്കും.
സർക്കാർ നടപടി സ്വാഗതാർഹം: കെയർ ചെല്ലാനം- കൊച്ചി
കൊച്ചി: ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി പുത്തൻതോട് മുതലുള്ള കടൽഭിത്തി നിർമാണത്തിന് 306 കോടി രൂപ അനുവദിച്ച സർക്കാർ നടപടി സ്വാഗതാർഹമെന്നു കെയർ - ചെല്ലാനം കൊച്ചി. മഴക്കാലത്ത് കടലാക്രമണ ഭീതിയിൽ കഴിയുന്ന തീരദേശവാസികൾക്ക്ആശ്വാസമാണ് സർക്കാരിന്റെ പ്രഖ്യാപനം. നിർമാണ പ്രവർത്തികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു .
കടൽഭിത്തി നിർമാണം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോൾ, വിഷയം ഗൗരവമായി പരിഗണിക്കുമെന്നും നിർമാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നതായും കെയർ ചെല്ലാനം - കൊച്ചി സെക്രട്ടറി ടി.എ. ഡാൽഫിൻ അറിയിച്ചു.
നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന് പൂർണപിന്തുണ നൽകാൻ കോ ഓർഡിനേറ്റർ ജോണി സേവ്യർ പുതുക്കാടിന്റെ അധ്യക്ഷതയിൽ ചെറിയകടവിൽ ചേർന്ന യോഗം തീരുമാനിച്ചു.
കടൽഭിത്തി നിർമാണം പുനരാരംഭിക്കുന്നത് ആശ്വാസകരം: കെആർഎൽസിസി
കൊച്ചി : ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി പുത്തന്‍തോട് മുതല്‍ കടല്‍ഭിത്തി നിര്‍മാണം പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത് ആശ്വാസകരമെന്ന് കെആര്‍എല്‍സിസി. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി രേഖപ്പെടുത്തുന്നു. ഫോര്‍ട്ട് കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യ വരെയുള്ള കടല്‍ഭിത്തിയുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ അധികഫണ്ടും അനുവദിക്കണം.
പുലിമുട്ടുകളുടെയും കടല്‍ഭിത്തിയുടെയും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും തീരം സമ്പുഷ്ടീകരിക്കുകയും ചെയ്യണം. ഇത് ചെയ്യാതിരിക്കുന്നത് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ള കടല്‍ഭിത്തി ദുര്‍ബലപ്പെടാന്‍ കാരണമാകും. തീരസമ്പുഷ്ടീകരണത്തിന് കൊച്ചി തുറമുഖത്തിന് പാരിസ്ഥിതിക അനുമതി ലഭ്യമാക്കണം.
ഒന്നാംഘട്ട നിര്‍മാണത്തിന് ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തിച്ചിരുന്നു. പുത്തന്‍തോട് മുതല്‍ ഫോര്‍ട്ട് കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യ വരെയുള്ള കടല്‍ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതുവരെ പ്രത്യേക സെല്‍ നിലനിര്‍ത്തണമെന്നും കേരള ലത്തീൻ കത്തോലിക്ക സഭാ വക്താവ് ജോസഫ് ജൂഡ് ആവശ്യപ്പെട്ടു.
കിലോമീറ്ററിന് നൂറു കോടി !
നിലവിലെ നിർമാണച്ചെലവ് കണക്കാക്കുമ്പോൾ ശരാശരി നൂറു കോടി രൂപയാണ് ഒരു കിലോമീറ്റർ ദൂരം തീരസംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ചെലവഴിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. തീര സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ഒന്നും ചെയ്യാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞു.