എംജി റോഡിലൂടെ മദ്യലഹരിയില്‍ കാറില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം; മൂന്നുപേര്‍ അറസ്റ്റില്‍
1444807
Wednesday, August 14, 2024 4:25 AM IST
കൊച്ചി: കോഴിക്കോട് നടന്ന ഇന്റര്‍വ്യുവില്‍ പങ്കെടുത്ത് മടങ്ങവെ മദ്യലഹരിയില്‍ കാറില്‍ അഭ്യാസ പ്രകടനം നടത്തിയ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ കരുനാഗപ്പള്ളി എസ്.എസ് മന്‍സിലില്‍ എന്‍.എസ്. ഷുഹൈബ് (24), ശാസ്താംകോട്ട കൃഷ്ണാലയത്തില്‍ പി. പ്രജീഷ് (23), ശാസ്താംകോട്ട കുരിശടി വടക്കേതില്‍ ഷാഫി ഷാജഹാന് (23) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയി, എസ്ഐ അനൂപ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ ഒന്നിന് എംജി റോഡിലായിരുന്നു സംഭവം. കോഴിക്കോട് നിന്ന് ഇന്റര്‍വ്യൂവിനു ശേഷം കാറില്‍ കൊല്ലത്തേക്കു പോകുകയായിരുന്നു യുവാക്കള്‍. ഷുഹൈബിനായിരുന്നു ഇന്റര്‍വ്യൂ. ഗൂഗിൾ മാപ്പ് തെറ്റിയതിനെ തുടര്‍ന്ന് ഇവര്‍ കലൂരില്‍ നിന്ന് എംജി റോഡ് ഭാഗത്തേക്ക് സഞ്ചരിക്കവെയാണ് കാറില്‍ അഭ്യാസപ്രകടനം നടത്തിയത്. ഒരാള്‍ കാർ ഓടിക്കുകയും രണ്ടു പേര് കാറിന്റെ വശങ്ങളിലൂടെ ദേഹം പുറത്തേക്കിട്ട് എഴുന്നേറ്റ് നിന്ന് യാത്ര ചെയ്യുകയുമായിരുന്നു.
ഇവര്‍ക്ക് പിന്നാലെ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാര്‍ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി പോലീസിന് അയച്ചുകൊടുത്തു. പോലീസ് മാധവ ഫാര്‍മസി ജംഗ്ഷനില്‍ വച്ച് മൂവരെയും കൈയോടെ പിടികൂടി. ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് പോലീസ് പറഞ്ഞു.
മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് നിയമ പ്രകാരം ലൈസന്‍സ് കാന്‍സല്‍ ചെയ്യാനുള്ള അപേക്ഷ നല്‍കും. കാര്‍ കോടതിയില്‍ ഹാജരാക്കി. രക്ഷിതാക്കള്‍ എത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലുള്ള പ്രതികളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.