ഷവർമ ഷോപ്പിലെ മോഷണം: പണവും മൊബൈലുകളും കവർന്ന ആസാം സ്വദേശി അറസ്റ്റില്‍
1442983
Thursday, August 8, 2024 3:36 AM IST
കൊച്ചി: ഷവര്‍മ ഷോപ്പിന്റെ താഴ് പൊട്ടിച്ചും ഷട്ടര്‍ തകര്‍ത്തും അകത്തു കയറി 50,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും മോഷ്ടിച്ച ആസാം സ്വദേശി അറസ്റ്റില്‍. ഡോങ്ങലി(24)നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപ് ചന്ദ്രന്, എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 24-ന് പുലര്‍ച്ചെ 4.55 നായിരുന്നു കലൂര്‍ കടവന്ത്ര റോഡിലുള്ള ഹാജി ഇബ്രാഹിം ഷവര്‍മ ഷോപ്പില്‍ പ്രതി മോഷണം നടത്തിയത്. പൂട്ടു പൊളിച്ച് അകത്തു കയറിയ ഇയാള്‍ കാഷ് കൗണ്ടറിലെ മേശവലിപ്പ് കുത്തിപ്പൊളിച്ച് അതിലുണ്ടായിരുന്ന 50,000 രൂപയും കൗണ്ടറിലെ മേശയ്ക്കു മുകളില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപ വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളും മോഷ്ടിക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് പരാതി ലഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതി പിടിയിലായി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.