ഡ്രൈവിംഗ് അറിയില്ല: ഇന്റർനാഷണൽ ലൈസൻസിന് എത്തിയ യുവതിയെ മടക്കി അയച്ചു
1441560
Saturday, August 3, 2024 3:53 AM IST
കാക്കനാട്: വാഹനംഓടിക്കാൻഅറിയാത്ത യുവതിക്ക് ഇന്റർനാഷണൽ ലൈസൻസ് നൽകാനാവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. തെലുങ്കാന ഡ്രൈവിംഗ് ലൈസൻസുമായി ഇന്റർനാഷണൽ ലൈസൻസ് എടുക്കാൻ എത്തിയ യുവതിയേയാണ് അധികൃതരുടെ സാനിധ്യത്തിൽ 100 മീറ്റർ ദൂരം പോലും വാഹനം ഓടിക്കാൻ കഴിയാത്തതിനാൽ മടക്കി അയച്ചത്. കലൂർ സ്വദേശിയായ യുവതി അമ്മയോടൊപ്പമാണ് ഇന്റർനാഷണൽ ലൈസൻസ്തരപ്പെടുത്താൻ കാക്കനാട് എറണാകുളം ആർടി ഓഫീസിൽ എത്തിയത്.
തെലുങ്കാനയിൽ ജോലി ചെയ്തിരുന്നപ്പോൾ ഡ്രൈവിംഗ് ലൈസൻസ് എടുത്തു. യുവതിക്ക് കാനഡയിലേക്ക് പോകാൻ വേണ്ടി ഇന്റർനാഷണൽ ലൈസൻസ് എടുക്കണമെന്ന ആവശ്യവുമായിട്ടാണ് കാക്കനാട് ആർടി ഓഫീസിൽ എത്തിയത്.
പരിശോധനയിൽ തെലുങ്കാന ലൈസൻസ് യഥാർഥമാണെന്ന് ബോധ്യമായെങ്കിലും ബാക് ലോക് കംമ്പ്യൂട്ടറിൽ കയറ്റിയിട്ട് വേണം അഡ്രസ് മാറ്റാൻ. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ അപേക്ഷ നൽകാൻ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അതിനുമുമ്പ് വാഹനം ഓടിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു.
അതേസമയം വാഹനം ഓടിക്കാൻ അറിയാമെന്ന് യുവതിമോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ചു. ഡ്രൈവിംഗ് സ്കൂളിന്റെ വാഹനം തരപ്പെടുത്തി ഓടിക്കാൻ കാറിൽ ഉദ്യോഗസ്ഥനും യുവതിയുടെ അമ്മയും ഡ്രൈവിംഗ് സ്കൂൾ ആശാനും കയറി. സിവിൽ സ്റ്റേഷൻ കാമ്പസിൽ നടത്തിയെ ടെസ്റ്റിൽ 100 മീറ്റർ ദൂരം പോലും വാഹനം ഓടിക്കാൻ യുവതിക്ക് കഴിഞ്ഞില്ല.
ഡ്രൈവിംഗ് ശരിക്കും പഠിച്ചിട്ട് വരാമെന്ന് പറഞ്ഞു യുവതിയും അമ്മയും തിരികെ പോയി. കാനഡയിലേക്ക് പോകാൻ വേണ്ടിയാണ് ഇന്റർനാഷണൽ ലൈസൻസിനായി യുവതി ആർടി ഓഫീസിൽ എത്തിയത്.