ആദിശങ്കര എൻജിനീയറിംഗ് കോളജിന് രണ്ട് ദേശീയ അവാർഡുകൾ
1438093
Monday, July 22, 2024 4:10 AM IST
കാലടി: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനിയേഴ്സ് ഇന്ത്യൻ മേഖലയിലെ എൻജിനീയറിംഗ് കോളജുകൾക്ക് നൽകുന്ന രണ്ട് ദേശീയ അവാർഡുകൾ കാലടി ആദിശങ്കര എൻജിനീയറിംഗ് കോളജിന് ലഭിച്ചു.
കോളജിന് സ്റ്റുഡൻസ് അച്ചീവ്മെന്റ് അവാർഡും, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ എൽദോ മാത്യുവിന് മികച്ച ഫാക്കൽറ്റിക്കുള്ള അവാർഡുമാണ് ലഭിച്ചത്. കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിലെ അധ്യാപകരും വിദ്യാർഥികളും നടത്തിയ വ്യവസായ സഹകരണം, സാമൂഹിക പ്രവർത്തനങ്ങൾ, കോളേജിലെ സ്റ്റുഡൻസ് ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് കോളജിന് അവാർഡ് ലഭിച്ചത്.
വിദ്യാർത്ഥികളായ നോവാർ ലാൽ, നവീൽ നടേശൻ, എസ്. അർച്ചന, അഷിമ തോംസൻ, മഹേശ്വർ നമ്പ്യാർ, ജെഫിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റുഡൻസ് ചാപ്പ്റ്റർ പ്രവർത്തിക്കുന്നത്.
അക്കാദമിക പ്രവർത്തനങ്ങൾക്ക് ഉപരിയായി പ്രായോഗിക പരിജ്ഞാനം ആർജിച്ചെടുക്കാൻ കഴിഞ്ഞതിന്റെ അംഗീകാരമാണ് ഈ നേട്ടമെന്ന് മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. കെ.കെ. എൽദോസ് പറഞ്ഞു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റീ കെ. ആനന്ദ് പ്രിൻസിപ്പൽ ഡോ. എം എസ്. മുരളി തുടങ്ങിയവർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു.