വാട്ടര്‍ മെട്രോയ്ക്ക് ഒരു ബോട്ട് കൂടി കൈമാറി
1437689
Sunday, July 21, 2024 3:49 AM IST
കൊച്ചി: നിര്‍മാണം പൂര്‍ത്തിയായ ഒരു ബോട്ട് കൂടി കൊച്ചിന് ഷിപ്യാര്ഡ് വാട്ടര്‍ മെട്രോയ്ക്ക് കൈമാറി. 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഹൈബ്രിഡ് ബോട്ടാണ് കൈമാറിയത്. ഇതോടെ കൊച്ചി കപ്പല്‍ശാല ജലമെട്രോയ്ക്ക് കൈമാറിയ ബോട്ടുകളുടെ എണ്ണം 15 ആയി. ചടങ്ങില്‍ ഡിഎന്‍വി, ഐആര്‍എസ് എന്നിവയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം കെഎംആര്‍എല്‍, സിഎസ്എല്‍ കമ്പനികളുടെ ഡയറക്ടര്‍മാരും പങ്കെടുത്തു.
പുതിയ ബോട്ട് എത്തിയതോടെ എറണാകുളം ചേരാനെല്ലൂര്‍ റൂട്ടില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ എറണാകുളത്ത് നിന്ന് വൈപ്പിന്‍, ഫോര്‍ട്ട്കൊച്ചി, മുളവുകാട്, ഏലൂര്‍, ചേരാനെല്ലൂര്‍ ടെമിനലുകളിലേക്കും വൈറ്റില-കാക്കനാട് റൂട്ടിലുമാണ് വാട്ടര്‍മെട്രോ സര്‍വീസുള്ളത്.
അടുത്തതായി സര്‍വീസ് ആരംഭിക്കുന്ന പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, മട്ടാഞ്ചേരി ടെര്‍മിനലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 25 ഓളം ബോട്ടുകളാണ് ഈ റൂട്ടുകളിലെല്ലാമായി സര്‍വീസ് നടത്താന്‍ വേണ്ടത്. ശേഷിക്കുന്ന ബോട്ടുകള്‍ ഒക്ടോബറിനുള്ളില്‍ നിര്‍മിച്ചു നല്‍കാമെന്ന് ഷിപ്യാര്ഡ് വാട്ടര്‍ മെട്രോ അധികൃതരെ അറിയിച്ചിട്ടുണ്ട്.
50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുന്ന 23 ബോട്ടുകളും, 50 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന 55 ബോട്ടുകളുമാണ് വാട്ടര്‍ മെട്രോയ്ക്ക് ഷിപ്യാര്ഡ് തയാറാക്കി നല്‍കുന്നത്. ബാറ്ററിയിലും, ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയും ഈ ബോട്ടുകള്‍ക്കുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25നാണ് രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ കൂടിയായ കൊച്ചി വാട്ടര്‍ മെട്രാ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തത്.
ഒന്‍പത് ബോട്ടുകളും രണ്ട് റൂട്ടുകളുമായി സര്‍വീസ് ആരംഭിച്ച വാട്ടര്‍ മെട്രോ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ 14 ബോട്ടുകളുമായി ആറ് റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിച്ചു. പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസ് നടത്തുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.