ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഹോട്ടൽ അടച്ചുപൂട്ടി
1424787
Saturday, May 25, 2024 4:53 AM IST
ആലുവ: ആരോഗ്യ വകുപ്പ് രണ്ട് മാസം മുമ്പ് മുന്നറിയിപ്പ് നൽകിയിട്ടും ലൈസൻസ് എടുക്കാതെ പ്രവർത്തിച്ച ഹോട്ടൽ അധികൃതർ അടച്ചു പൂട്ടി. അശോകപുരത്ത് പ്രവർത്തിച്ചുവന്ന കല്യാണപ്പന്തൽ എന്ന ഹോട്ടലാണ് പൂട്ടിയത്.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്ത് വിതരണം ചെയ്യുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കീഴ്മാട് കുടുംബരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയത്. മാർച്ചിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസ് ഇല്ലാത്തതായി കണ്ടെത്തിയതോടെ നോട്ടീസ് നൽകിയിരുന്നങ്കിലും ഹോട്ടൽ ഇത് അവഗണിക്കുകയായിരുന്നു.
സ്ഥാപനത്തിലെ പകുതിയിലധികം ജീവനക്കാർക്കും ഹെൽത്ത് കാർഡും ഉണ്ടായിരുന്നില്ല. ജല പരിശോധനാ റിപ്പോർട്ട് പരിശോധനാ സമയത്ത് ഹാജരാക്കിയില്ല. ഇതെല്ലാം പരിഗണിച്ചാണ് ഹോട്ടൽ പ്രവർത്തനം താത്കാലികമായി അവസാനിപ്പിക്കാൻ നിർദേശം നൽകിയതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ് അറിയിച്ചു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എം. സക്കീർ, എസ്.എസ്. രേഖ, കെ.ബി. സബ്ന എന്നിവരും പരിശോധനയിൽ പങ്കെടുത്തു.