പെരുന്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം
1423972
Tuesday, May 21, 2024 6:53 AM IST
നിർണായകമായത് ഡിഎന്‍എ സാമ്പിളുകള്‍
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ ലഭിക്കാൻ നിർണായകമായത് പ്രതിയുടെ ഡിഎൻഎ സാമ്പിളുകൾ.
2016 ഏപ്രില്‍ 28ന് വൈകുന്നേരമാണ് പെരുമ്പാവൂര്‍ കുറുപ്പുംപടിയിലെ വീട്ടില്‍ വിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആസാം സ്വദേശിയായ അമീറിനെ ജൂണില്‍ പോലീസ് അറസ്റ്റു ചെയ്തു. സെപ്റ്റംബര്‍ 16ന് കുറ്റപത്രം സമര്‍പ്പിച്ചു. 2017 മാര്‍ച്ച് 13ന് വിചാരണ തുടങ്ങി.
ഡിസംബര്‍ 14നാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. ചട്ട പ്രകാരം ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ വധശിക്ഷ സംബന്ധിച്ച വിധി നടപ്പാക്കാനാവൂവെന്നതിനാല് വിഷയം ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലായിരുന്നു. ഇതോടൊപ്പമാണ് പ്രതിയുടെ അപ്പീലും പരിഗണിച്ചത്.
100 സാക്ഷികളെ പരിശോധിച്ചു. 291 രേഖകള്‍. പലതും സാക്ഷികള്‍ തിരിച്ചറിഞ്ഞു. പ്രതിയുടേതെന്ന് സംശയിക്കുന്ന ഡിഎന്‍എ സാമ്പിളുകള്‍ തിരിച്ചറിഞ്ഞത് സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസ് തെളിയിക്കാന്‍ മതിയായതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് കണ്ടെത്തിയതുവഴി വിദ്യാര്‍ഥിനിയുടെ ചുരിദാറില്‍ പറ്റിയ ഉമിനീരിന്റെ ചെറിയൊരംശത്തില്‍നിന്ന് പ്രതിക്ക് കുറ്റകൃത്യവുമായുള്ള ബന്ധം വ്യക്തമായി. വിദ്യാര്‍ഥിനിയുടെ കൈനഖത്തിനിടയിലുണ്ടായിരുന്ന രക്തത്തിന്റെ അംശം പ്രതിയുടേതാണെന്ന് തെളിഞ്ഞതും കുറ്റകൃത്യം കൂടുതല്‍ സ്ഥാപിക്കുന്നതായി.
ഇതിനെല്ലാം പുറമെ വധശിക്ഷയില്‍ നിന്ന് ഇളവ് നല്കാന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശോധനയിലും ശിക്ഷ ഇളവ് നല്കാന് കഴിയില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് പ്രതി പരമാവധി ശിക്ഷയ്ക്ക് അര്‍ഹനാണെന്ന് കണ്ടെത്തി വിചാരണ കോടതിവിധി ഹൈക്കോടതി ശരിവച്ചത്.
കേസിന്റെ നാള്‍വഴി
പെരുന്പാവൂർ: കോളിളക്കം സൃഷ്ടിച്ച നിയമവിദ്യാര്‍ഥിനിയുടെ കൊലപാതക കേസിന്റെ നാള്‍വഴിയിലൂടെ....
2016 ഏപ്രില്‍ 28: നിയമവിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നു. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെയും കഴുത്തില്‍ കുത്തേറ്റതിന്റെയും അടയാളങ്ങള്‍. പീഡിപ്പിക്കപ്പെട്ടതിനു ശേഷമാണു കൊലചെയ്യപ്പെട്ടതെന്നു നിഗമനം. കുറുപ്പംപടി ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി
2016 ഏപ്രില്‍ 29: മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൊലപാതക വകുപ്പു മാത്രം ചേര്‍ത്ത് കുറുപ്പംപടി ഇന്‍സ്പെക്ടര്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ശരീരത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും വീട്ടില്‍നിന്നു ലഭിച്ച വിരലടയാളങ്ങളും ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. രാത്രിയോടെ പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുന്നു.
2016 മേയ് രണ്ട്: പ്രതിയുടേതെന്നു സംശയിക്കുന്ന, കെട്ടിട നിര്‍മാണ സ്ഥലത്ത് ഉപയോഗിക്കുന്ന ഒരു ജോടി കറുത്ത പ്ലാസ്റ്റിക് ചെരിപ്പ് വിദ്യാര്‍ഥിനിയുടെ വീടിന്റെ പരിസരത്തുനിന്ന് പോലീസിന് ലഭിച്ചു. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന് പെരുമ്പാവൂരിലെത്തുന്നു. പ്രദേശവാസികള്‍ വന്‍ ജനകീയ പ്രതിഷേധവും ആരംഭിച്ചു.
2016 മേയ് മൂന്ന്: പ്രതികളെക്കുറിച്ച് യാതൊരു സൂചനയുമില്ല. നാലുപേരെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുക്കുന്നു.
2016 മേയ് നാല്: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ശരീരത്തില്‍ 38 മുറിവുകള്‍ ഉണ്ടായിരുന്നു എന്നും കണ്ടെത്തല്‍. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാറിനെ ഒഴിവാക്കി ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എ.ബി. ജിജിമോനു ചുമതല നല്കി.
2016 മേയ് അഞ്ച്: അന്വേഷണസംഘം വിപുലീകരിക്കുന്നു. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗഹ്ലോട്ട്, ദേശീയ വനിതാ കമ്മീഷന് അംഗം ലളിത കുമാരമംഗലം തുടങ്ങിയവര്‍ പെരുമ്പാവൂരിലെത്തി. ഡിജിപി ടി.പി. സെന്‍കുമാറും ഇന്റലിജന്‍സ് മേധാവി ഹേമചന്ദ്രനും സ്ഥലത്തത്തെി അന്വേഷണപുരോഗതി വിലയിരുത്തുന്നു.
2016 മേയ് ആറ്: കൊല നടന്ന ദിവസം വൈകുന്നേരം ആറോടെ മഞ്ഞ ഷര്‍ട്ട് ധരിച്ചയാള്‍ വിദ്യാര്‍ഥിനിയുടെ വീട്ടില്‍നിന്ന് ഇറങ്ങി കനാല്‍ വഴി പോകുന്നത് കണ്ടതായി അയല്‍വാസിയായ സ്ത്രീ പോലീസിനു മൊഴി നല്കി. അന്വേഷണ പുരോഗതി വിശദീകരിച്ചു മേയ് 30നു റിപ്പോര്‍ട്ട് നല്‍കണമെന്നു സര്‍ക്കാരിനോടു ഹൈക്കോടതി .
2016 മേയ് എട്ട്: പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തു വിട്ടു. തലയിണക്കീഴില്‍ വാക്കത്തിയുമായാണു വിദ്യാര്‍ഥിനി ഉറങ്ങിയിരുന്നതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
2016 മേയ് 10: ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിനു നീക്കം തുടങ്ങി
2016 മേയ് 12: വിദ്യാര്‍ഥിനിയുടെ ശരീരത്തിലേറ്റ കടിയുടെ അടിസ്ഥാനത്തില്‍ മുന്‍നിരയിലെ പല്ലുകളില്‍ വിടവുള്ള ആളുകളെക്കുറിച്ച് അന്വേഷണം തുടങ്ങുന്നു.
2016 മേയ് 15: വിദ്യാര്‍ഥിനിയുടെ ചുരിദാറില്‍ പറ്റിയ ഉമിനീരിന്റെ ചെറിയൊരംശത്തില്‍ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ഡിഎന്‍എ സാമ്പിള്‍ തിരിച്ചറിഞ്ഞു. എന്നാല്‍ നിലവില്‍ സംശയമുണ്ടായിരുന്ന ആരുമായും ഈ ഡിഎന്‍എ ചേര്‍ന്നില്ല.
2016 മേയ് 16: പ്രതി നിര്‍മാണ തൊഴിലാളി തന്നെയെന്ന് ഉറപ്പിക്കുന്നു. ഘാതകരെ തേടി പോലീസ് സംഘം ബംഗാളിലെ മൂര്‍ഷിദാബാദിലേക്ക്.
2016 മേയ് 19: കേസുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു.
2016 മേയ് 27: നിലവിലുണ്ടായിരുന്ന അന്വേഷണസംഘത്തെ മാറ്റാന്‍ പിണറായി മന്ത്രിസഭയുടെ തീരുമാനം. ദക്ഷിണമേഖലാ എഡിജിപി ബി. സന്ധ്യയുടെ മേല്‍നോട്ടത്തിലുള്ള പുതിയ സംഘം കേസ് അന്വേഷണം ഏറ്റെടുത്തു. അഞ്ചു ഡിവൈഎസ്പിമാരും 10 സിഐമാരും അടങ്ങിയ 80 അംഗ സംഘം. ക്രൈംബ്രാഞ്ച് എസ്പി പി.എന്‍. ഉണ്ണിരാജന് എറണാകുളം റൂറല്‍ എസ്പിയായി ചുമതലയേറ്റു. അതുവരെ അന്വേഷണത്തിന് നേതൃത്വം നല്കിയ എറണാകുളം റൂറല്‍ എസ്പി യതീഷ്ചന്ദ്ര, പെരുമ്പാവൂര്‍ ഡിവൈഎസ്പി എന്നിവരെ മാറ്റി.
2016 മേയ് 31: കൊലയാളിയുടേതെന്നു കരുതുന്ന രണ്ടു ഡിഎന്‍എ സാംപിള്‍ കൂടി കണ്ടെത്തി. കൈവിരലില്‍നിന്ന് ലഭിച്ച ഡിഎന്‍എയ്ക്കും വസ്ത്രത്തില്‍നിന്ന് ലഭിച്ച ഉമിനീരിലെ ഡിഎന്‍എയ്ക്കും തമ്മില്‍ സാമ്യമുണ്ടെന്നു കണ്ടെത്തല്‍.
2016 ജൂണ്‍ മൂന്ന്: പുതിയ അന്വേഷണസംഘം കൊലയാളിയുടെ പുതിയ രേഖാചിത്രം തയാറാക്കി.
2016 ജൂണ്‍ അഞ്ച്: ഡിജിപി ലോക്നാഥ് ബെഹ്റ വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തുന്നു
2016 ജൂണ്‍ 13: മരണവുമായി ബന്ധപ്പെട്ട് നിയമവിദ്യാര്‍ഥിനിയുടെ വീടിന് പരിസരത്തുളള ഇതര സംസ്ഥാന തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്യുന്നു. 25 പേരെ കസ്റ്റഡിയിലെടുത്തു. പ്രതിയെക്കുറിച്ചുളള കൃത്യമായ സൂചനയും ലഭിച്ചു.
2016 ജൂണ്‍ 14: പ്രതിയായ അമീറുല്‍ ഇസ്ലാമിനെ തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റുചെയ്യുന്നു. ഊരും പേരുമാറ്റി കാര്‍ വര്‍ക് ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു.
2016 ജൂണ്‍ 16: പ്രതി അറസ്റ്റിലായ വിവരം പോലീസ് പുറത്തുവിട്ടു. മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിക്കുന്നു.
2016 ജൂണ്‍ 20: തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ അയല്‍വാസിയായ വീട്ടമ്മ തിരിച്ചറിഞ്ഞു.
2016 ജൂണ്‍ 28: കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി.
2016 ജൂലൈ നാല്: കൊലപാതകത്തിനു ശേഷം സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്കു വലിച്ചെറിഞ്ഞ കത്തിയുടെ പിടിക്കുള്ളില്‍ കണ്ടെത്തിയ രക്തം വിദ്യാര്‍ഥിനിയുടേതാണെന്നു പരിശോധനയില്‍ തെളിഞ്ഞു.
2016 സെപ്റ്റംബര്‍ 16: കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു.
2017 മാര്‍ച്ച് 13: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി.
2017 ഡിസംബര്‍ 12: അമീറുല്‍ ഇസ്ലാം കുറ്റക്കാരനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു.
2017 ഡിസംബര്‍ 14: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു.
2024 മേയ് 20: പ്രതി നല്കിയ അപ്പീലില്‍ ഹൈക്കോടതി വധശിക്ഷ ശരിവച്ചു.
ഇവിടെ കാടുമൂടിക്കിടപ്പുണ്ട്... ആ ഒറ്റമുറിവീട്!
പെരുമ്പാവൂർ: കേരളത്തെ നടുക്കിയ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിനു സാക്ഷ്യംവഹിച്ച പുറന്പോക്ക് ഭൂമിയിലെ ആ ഒറ്റമുറി വീട് ഇപ്പോൾ കാടുപിടിച്ച നിലയിലാണ്. വിദ്യാർഥിനി കൊല്ലപ്പെട്ടിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ കുറുപ്പംപടിയിലെ ആ വീട് ദുരന്തസ്മാരകം പോലെ ഇവിടെയുണ്ട്.

കുറുപ്പംപടി ഇരവിച്ചിറയിലുള്ള കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലാണ് വിദ്യാർഥിനിയും അമ്മയും താസമിച്ചിരുന്നത്. 2016 ഏപ്രിൽ 28ന് സന്ധ്യക്കാണ് വിദ്യാർഥിനി അതിക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാവുകയും അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്തത്.
ഏറെ ദുരിതത്തിലായിരുന്ന കുടുംബത്തിന്റെ പ്രതീക്ഷകൂടിയായിരുന്നു നിയമവിദ്യാർഥിനി. നിയമബിരുദം പൂർത്തിയാക്കി നല്ലൊരു ജീവിതം സ്വപ്നം കണ്ട കുടുംബത്തിലേക്കാണ് ആ ദുരന്തമെത്തിയത്. വിദ്യാർഥിനിയുടെ മരണശേഷം അമ്മയും മറ്റൊരു മകളും മുടക്കുഴ തൃക്കപ്പാറയിൽ സർക്കാർ നിർമിച്ചുനൽകിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. വിദ്യാർഥിനിയുടെ സഹോദരിക്ക് പെരുമ്പാവൂർ താലൂക്ക് ഓഫീസിൽ ജോലി നൽകിയിരുന്നു.
നീതി കിട്ടി, ശിക്ഷ ഉടൻ നടപ്പാക്കണം: പെൺകുട്ടിയുടെ അമ്മ
കൊച്ചി: ഹൈക്കോടതി ഉത്തരവിലൂടെ മകൾക്കു നീതി കിട്ടിയെന്നു കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനിയുടെ അമ്മ രാജേശ്വരി പറഞ്ഞു.
ശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്നും അവർ വിധി കേട്ടശേഷം പ്രതികരിച്ചു. ക്രൂരമായ കൃത്യമാണു മകളോടു പ്രതി ചെയ്തത്. ആ ക്രൂരതയ്ക്കുള്ള ശിക്ഷയാണു കോടതി നൽകിയത്.
ഇത്തരം ക്രൂരകൃത്യം നടത്തിയവർ ഇല്ലാതായാലേ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാനാവൂ. തന്റെ മകൾ അനുഭവിച്ചതു പോലെയുള്ള വേദന ഇനിയൊരും അനുഭവിക്കരുതെന്നും പെൺ കുട്ടിയുടെ അമ്മ പറഞ്ഞു. ഇന്നലെ വിധി കേള്‍ക്കാൻ നിയമ വിദ്യാര്‍ഥിനിയുടെ അമ്മയുടെ കൂടെ സഹോദരിയും ഹൈക്കോടതിയില്‍ എത്തിയിരുന്നു.
76 ദിവസം വിചാരണ
കൊച്ചി: 2016 ഏപ്രില്‍ മുതല്‍ നവംബര്‍ 15 വരെ 76 ദിവസം നീണ്ട വിചാരണയാണ് നിയമ വിദ്യാര്‍ഥിനിയുടെ വധക്കേസില്‍ നടന്നത്. പ്രോസിക്യൂഷന് വിസ്തരിച്ചത് 100 സാക്ഷികളെ. 291 രേഖകളും 36 വസ്തുക്കളും തെളിവുകളായി ഹാജരാക്കി.
പ്രതിഭാഗം അഞ്ചു സാക്ഷികളെ വിസ്തരിച്ചു. 19 രേഖകളാണ് ഹാജരാക്കിയത്. പ്രതിയോടു രണ്ടു ദിവസമായി 923 ചോദ്യങ്ങളാണ് പ്രോസിക്യൂഷന് ചോദിച്ചത്. അന്തിമവാദം നീണ്ടത് എട്ടു ദിവസം.
അന്വേഷണം അമിറുളില്‍ ഉറപ്പിച്ചതു 10 തെളിവുകള്‍
കൊച്ചി: നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെടുന്നതിനു ദൃക്സാക്ഷികളില്ല. ഈ സാഹചര്യത്തിൽ സംഭവസ്ഥലത്തു പ്രതിയുടെ സാന്നിധ്യം അന്വേഷണസംഘം ഉറപ്പിച്ചത് ശാസ്ത്രീയമായ പത്തു തെളിവുകളുടെ അടിസ്ഥാനത്തിലാണ്.
ആ തെളിവുകൾ ഇങ്ങനെ:
1. വിദ്യാര്‍ഥിനിയുടെ നഖത്തിന്റെ ഭാഗത്തുനിന്നു കണ്ടെത്തിയ തെളിവുകളില്‍ പ്രതിയുടെ ഡിഎന്‍എ.
2. ചുരിദാറില്‍ കണ്ടെത്തിയ ഉമിനീരും പ്രതിയുടെ ഡിഎന്‍എയുമായി സാമ്യം.
3. ചുരിദാര്‍ സ്ലീവിലെ രക്തക്കറയില്‍നിന്നു വേര്‍തിരിച്ചെടുത്ത ഡിഎന്‍എ പ്രതിയുടേതെന്നു സ്ഥിരീകരിച്ചത്.
4. പെൺകുട്ടിയുടെ വീടിന്റെ വാതിലില്‍ കണ്ടെത്തിയ രക്തക്കറ പ്രതിയുടേതെന്ന സ്ഥിരീകരണം.
5. തന്റെ കൈവിരലിലെ മുറിവ്, പെണ്‍കുട്ടി കടിച്ചതില്നിന്നുണ്ടായതെന്നുള്ള പ്രതിയുടെ ഡോക്ടറോടുള്ള മൊഴി.
6. പ്രതി കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തിയിലെ രക്തക്കറ, പെൺകുട്ടിയുടേതെന്നുള്ള സ്ഥിരീകരണം.
7. പ്രതിയുടെ ചെരുപ്പില്‍ കണ്ടെത്തിയ നിയമ വിദ്യാര്‍ഥിനിയുടെ രക്തസാമ്പിള്‍.
8. പ്രതിയുടെ ചെരുപ്പില്‍ കണ്ടെത്തിയ മണല്‍ പെൺകുട്ടിയുടെ വീടിന്റെ പിന്നിലുണ്ടായിരുന്ന മണലില്നിന്നുള്ളതെന്ന സ്ഥിരീകരണം.
9. കൃത്യം നടന്നതിനെത്തുടര്‍ന്ന്, പ്രതിയെ വീടിനടുത്തു കണ്ടെന്നുള്ള സമീപവാസി ശ്രീലേഖയുടെ മൊഴി.
10. പെൺകുട്ടിയുടെ വീടിനടുത്തുനിന്നു കണ്ടെടുത്ത ബീഡിയും സിഗരറ്റും ലാമ്പും പ്രതി ഉപയോഗിച്ചതെന്ന സാക്ഷിമൊഴി.
അപ്പീല്‍ നൽകുമെന്നു പ്രതിഭാഗം
കൊച്ചി: നിയമ വിദ്യാര്‍ഥിനി വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുമെന്നു പ്രതിഭാഗം അഭിഭാഷകന് അഡ്വ. ബി. ആളൂര്‍. കേസില്‍ പ്രതി അമിറുള്‍ ഇസ്ലാം നിരപരാധിയാണ്. മറ്റൊരാളാണു കൃത്യം ചെയ്തത്. അതേക്കുറിച്ച് അന്വേഷണം നടന്നിട്ടില്ല. കേസില്‍ ശാസ്ത്രീയമായ അന്വേഷണം നടന്നിട്ടില്ലെന്ന് അന്നത്തെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍തന്നെ പറഞ്ഞതാണ്. ഇക്കാര്യങ്ങളെല്ലാം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നും ആളൂര്‍ കൊച്ചിയില്‍ പറഞ്ഞു.