വന്യജീവി ആക്രമണങ്ങൾ: കോതമംഗലത്ത് പ്രതിഷേധമിരന്പി
1396303
Thursday, February 29, 2024 4:16 AM IST
കോതമംഗലം: ജനപങ്കാളിത്തംകൊണ്ട് കോതമംഗലം കണ്ടതില്‍ ഏറ്റവും വലിയ പ്രതിഷേധമായി മാറി, വർധിച്ചു വരുന്ന വന്യമൃഗശല്യത്തിനെ തിരേ രൂപത നടത്തിയ മനുഷ്യാവകാശ സംരക്ഷണ റാലി. ഇന്നലെ വൈകുന്നേരം നാലോടെ കോതമംഗലം കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ, പൂയംകുട്ടി കൂനത്താന്‍ ബെന്നിക്ക് പതാക കൈമാറിയാണ് റാലി ഉദ്ഘാടനം ചെയ്തത്.
ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ഫ്രാന്‍സിസ് കീരംപാറ, മോൺ. പയസ് മലേക്കണ്ടത്തിൽ എന്നിവര്‍ റാലിയുടെ മുന്‍നിരയില്‍ ആദ്യാവസാഅടുത്ത കാലത്ത് വന്യമൃഗ ആക്രമണങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരുമുള്പ്പെടെ വന്യമൃഗ ആക്രമണങ്ങളുടെ ഇരകളായ 20 പേര് റാലിയുടെ മുന്‍നിരയില്‍ അണിനിരന്നതും ശ്രദ്ധേയമായി.
കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ മേഖലകളില്‍ നിന്നുള്ള നാനാജാതി മതസ്ഥരായ കര്‍ഷകര്‍ പ്ലക്കാർഡുകളുമായി റാലിയില്‍ അണിനിരന്നു. സ്ത്രീകളും കുട്ടികളും സന്യസ്ഥരും വൈദികരും ഉള്‍പ്പെടെ പതിനായിരത്തോളം പേർപങ്കാളികളായി. കോതമംഗലത്തെ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും റാലിയില്‍ അണിനിരന്നു.
ഉച്ചകഴിഞ്ഞ് മൂന്നോടെ കോതമംഗലം കെഎസ്ആര്‍ടിസി ജംഗ്ഷന് പരിസരം പ്രതിഷേധക്കാരെകൊണ്ട് നിറഞ്ഞു കവിഞ്ഞു. മനുഷ്യജീവന് മൃഗങ്ങളേക്കാള്‍ വില കല്പിക്കുക, വന്യമൃഗങ്ങളെ വനത്തിന്റെ ആവാസവ്യവസ്ഥയില്‍ തന്നെ നിലനിറുത്തുക, ദുരിതബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങളും റാലിയില്‍ ഉയര്‍ന്നു. മലയോര കര്‍ഷകരും അവരുടെ ഉറ്റവരും വന്യമൃഗശല്യം നേരിടുന്നതിന്റെ ആത്മരോഷം റാലിയിലുടനീളം മുഴങ്ങി. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലില്‍ റാലിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
റാലിക്ക് മുന്നോടിയായി വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഫൊറോന വികാരി റവ.ഡോ. തോമസ് പറയിടം, പ്രഫ. ജോസുകുട്ടി ഒഴുകയില്‍ എന്നിവര്‍ ആമുഖപ്രസംഗം നടത്തി. വളരെ അച്ചടക്കത്തോടെയും സമാധാനപരമായും നടത്തിയ റാലി കോതമംഗലം ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.
മോൺ. ഫ്രാന്‍സിസ് കീരംപാറ, രൂപത ചാന്‍സലര്‍ റവ.ഡോ. ജോസ് കുളത്തൂര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.ആര്. വിനോദ്, കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് സണ്ണി കടുത്താഴെ, ഫാ. റോബിന് പടിഞ്ഞാറേക്കുറ്റ്, മിനി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോസ് പുതിയേടത്ത് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
വന്യമൃഗങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം നടപ്പാക്കണം: മോണ്‍. മലേക്കണ്ടത്തിൽ
കോതമംഗലം: വന്യമൃഗങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം നടപ്പാക്കണമെന്ന് കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തിൽ പറഞ്ഞു. കാട് വന്യജീവികള്‍ക്കും നാട് മനുഷ്യര്‍ക്കും എന്ന സന്ദേശവുമായി കോതമംഗലത്ത് നടന്ന മനുഷ്യാവകാശ സംരക്ഷണ റാലി ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ കോതമംഗലം രൂപത സമരമുഖത്താണ്. വനം വന്യജീവികള്‍ക്കും നാട് മനുഷ്യര്‍ക്കുമായി നിജപ്പെടുത്തണം. 1965 ല്‍ വനനിയമം നടപ്പിലാകുന്നതിന് മുമ്പേ മലയോര മേഖലകളില്‍ മനുഷ്യവാസം ഉണ്ടായിരുന്നു.
വനത്തിനുള്ളില്‍ ട്രെഞ്ച് കെട്ടി വന്യജീവികളെ വനാതിര്‍ത്തിയില്‍ തന്നെ നിലനിർത്താന്‍ സത്വര നടപടി സ്വീകരിക്കണം. മലയോര മേഖലയിലെ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാഹചര്യം ഉണ്ടാകുന്നതുവരെ രൂപതയുടെ പ്രതിഷേധസമരങ്ങള്‍ തുടരുമെന്ന് മോണ്‍. മലേക്കണ്ടത്തില്‍ പറഞ്ഞു.